സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ കൂടി പിറവിയെടുക്കുന്നു ; നായകന്‍ ഫഹദ് ഫാസില്‍..!!

മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിന്നും മറ്റൊരു സിനിമ കൂടി പിറവിയെടുക്കുന്നു. സത്യന്‍ അന്തിക്കാട് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജ് വഴി ആരാധകരുമായി പങ്കു വെച്ചത്.

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ജയറാം ചിത്രത്തിന് ശേഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. അതു കൊണ്ട് തന്നെ മലയാളികള്‍ അത്യന്തം അവേശത്തോടെയാണ് സത്യന്‍ അന്തിക്കാടിന്റെ ഈ പോസ്റ്റിനെ സ്വീകരിച്ചത്.

 ‘തലയണ മന്ത്രം’, ‘നാടോടിക്കാറ്റ്’, ‘സന്ദേശം’ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷൂട്ടിംഗിന്റെ അവസാന സമയങ്ങളില്‍ ചിത്രത്തിന് പേരിടുന്ന തങ്ങളുടെ പതിവ് രീതി മാറ്റി വെച്ച് കൊണ്ടാണ് ഇക്കുറി ഈ കൂട്ടുക്കെട്ടിന്റെ വരവ്. ‘മലയാളി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്” ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
“കഥ കിട്ടി”
ശ്രീനി പറഞ്ഞു.
“കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.”
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*