സമരച്ചൂടിനിടയിലൊരു കല്യാണം; താലി കൈമാറിയത് സാക്ഷാല്‍…

കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷം പ്രഖ്യാപിച്ച ബന്ദില്‍ ജനജീവിതം സ്തംഭിക്കുകയും പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ വലിയ പ്രതിഷേധ പ്രകടനം നടക്കുകയുമൊക്കെ ചെയ്തത് വാര്‍ത്തയായിരുന്നു.

എന്നാല്‍ ഈ സമരത്തിനിടയില്‍ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വിസികെ പ്രവര്‍ത്തകനായ ഭാരതി ദാസന്റെ വിവാഹമായിരുന്നു ഇന്ന്.

വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ വിവാഹത്തിന് വരാമെന്ന് ഏറ്റിരുന്നതായിരുന്നു. എന്നാല്‍ അണ്ണാസാലയില്‍ നിന്നും മറീന ബീച്ചിലേക്ക് പ്രകടനമായെത്തി റോഡ് ഉപരോധിച്ച സ്റ്റാലിനടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയപ്പോള്‍ അതില്‍ തിരുമാവളവനും ഉള്‍പ്പെട്ടിരുന്നു.

പുരുഷവാക്കത്തെ കല്യാണമണ്ഡപത്തിലാണ് ഇവരെ അറസ്റ്റ് ചെയ്ത് വെച്ചത്. വിവാഹത്തില്‍ അവിടെ വന്ന് പങ്കുചേരാന്‍ തനിക്ക് കഴിയില്ലെന്ന് അറിയിച്ച തിരുമാവളന്‍ സംഘത്തോട് തങ്ങളുള്ള സ്ഥലത്തേക്ക് വരാന്‍ നിര്‍ദ്ദേശിച്ചു.

വരനും വധുവും കൂട്ടരും പുരുഷവാക്കത്തെ കല്യാണമണ്ഡപത്തിലെത്തി. അങ്ങനെ സ്റ്റാലിനടക്കമുള്ള നിരവധി നേതാക്കളുടെ മുന്നില്‍ വച്ച് ഭാരതി ദാസന്‍ ശ്രീമതിക്ക് താലി ചാര്‍ത്തി. താലി കൈമാറിയതാകട്ടെ സാക്ഷാല്‍ സ്റ്റാലിന്‍ തന്നെ.

ഇരുവര്‍ക്കും അഞ്ഞൂറു രൂപ വീതം സമ്മാനവും നല്‍കി. നൂറോളം പൊലീസുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. അങ്ങനെ സമരത്തിനിടയിലെ കല്യാണം വൈറലായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*