പ്രസവം നടക്കേണ്ട ദിവസം ലേബര്‍ റൂമില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തി..!

തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച യുവതിയെ കണ്ടെത്തി. എസ്എടി ആശുപത്രിയില്‍ നിന്നാണ് യുവതിയെ രണ്ട് ദിവസം മുമ്പ് കാണാതായത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാണ് യുവതി ചികിത്സയ്ക്ക് എത്തിയത്. കരുനാഗപ്പള്ളിയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്.പ്രസവത്തിനു മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് 21 കാരിയായ ഷംനയുടെ തിരോധാനം.

കിളിമാനൂരിന് സമീപം മടവൂരില്‍ അന്‍ഷാദിന്റെ ഭാര്യ ഷംനയെയാണ് എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായത്. പ്രസവത്തിന് തീയതി അടുത്തതിനാല്‍ അഡ്മിറ്റാകാന്‍ വേണ്ടി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഷംന ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്കായി ആശുപത്രിക്കുള്ളിലേക്ക് കയറ്റിയ ശേഷം പിന്നീട് ആരും കണ്ടിട്ടില്ല.

കാണാതായ ആദ്യ മണിക്കൂറില്‍ ഷംനയുടെ മൊബൈല്‍ സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ വൈകിട്ടോടെ അന്‍ഷാദിന്റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും മൊബൈലിലേക്ക് വിളിവന്നു. തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് ബന്ധുവായ സ്ത്രീയോടെ പറഞ്ഞെന്നാണ് കുടുംബം അറിയിച്ചത്. ഇതിനിടെ മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ യാത്രചെയ്യുന്നതായി സൂചന ലഭിച്ചിരുന്നു.

അതിനിടെ പൊലീസ് ഷംനയുടെ ചികിത്സാ രേഖകളും പരിശോധിച്ചിരുന്നു. രേഖകളെല്ലാം വിചിത്രമാണ്. യുവതി അഞ്ചാം മാസം മുതൽ എസ്എടിയിൽ പരിശോധനയ്ക്കെത്താറുണ്ടെന്ന് ഭര്‍ത്താവും ബന്ധുക്കളും പറയുമ്പോഴും ചികിത്സാ രേഖകളൊന്നും ആശുപത്രിയിലില്ല. മൂന്ന് തവണ ഷംന ചികിത്സ തേടിയിട്ടുണ്ടെന്നും ആ മൂന്ന് തവണയും പുതിയ ഒ.പി ടിക്കറ്റെടുത്തായിരുന്നു പരിശോധനയെന്നുമാണ് ആശുപത്രി രേഖ. അതുകൊണ്ടു തന്നെ ഷംനയുടെ ഗര്‍ഭാവസ്ഥ സംബന്ധിച്ച വിശദാംശങ്ങളൊന്നും ഡോക്ടര്‍മാര്‍ അറിഞ്ഞിട്ടുമില്ല.

ഭര്‍ത്താവിനും ബന്ധുക്കൾക്കുമൊപ്പമാണ് ഷംന സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. പ്രസവ തീയതിയായതിനാൽ പലവിധ പരിശോധനകൾക്ക് പോയപ്പോഴൊക്കെ ഭര്‍ത്താവ് അൻഷാദ് പുറത്ത് കാത്തിരുന്നു . ഒടുവിൽ പതിനൊന്നരയോടെ ആശുപത്രിക്കകത്ത് കയറിപ്പോയ ഷംന ഒന്നരമണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെ  തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവരെ കാണാതായ കാര്യമറിയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*