Breaking News

പിണറായി കൂട്ടക്കൊല: സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയത് ഇയാളാണ്…

കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗിത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.

മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ചില ഘട്ടങ്ങളില്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാര്‍ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു.

വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ് നിര്‍ണ്ണായകമായത്. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷെ സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന ഇല്ലായിരുന്നു. ചര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നല്‍കി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവര്‍ത്തികളില്‍ സംശയം തോന്നി.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.

ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.

തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം.

സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി. ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റം സമ്മതിച്ചു.

അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*