നോട്ടുനിരോധനവും ജിഎസ്ടിയും പരിക്കേല്‍പ്പിച്ചെങ്കിലും ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യയുടെ സ്ഥാനം…

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) വളര്‍ച്ചയുടെ പാതയിലാണെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) റിപ്പോര്‍ട്ട്. 2017ല്‍ ജിഡിപി 2.6 ട്രില്യന്‍ ഡോളറായി വളര്‍ന്നതിനൊപ്പം ഫ്രാന്‍സിനെ പിന്തള്ളി ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയ്ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഐഎംഎഫിന്റെ 2018 ഏപ്രിലിലെ വേള്‍ഡ് എക്കണോമിക്‌സ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ വികസനത്തില്‍ നിര്‍ണായക നാഴികക്കല്ലാണു പിന്നിട്ടിരിക്കുന്നതെന്നായിരുന്നു സാമ്പത്തിക മന്ത്രാലയം പ്രതികരണം. രാജ്യത്തേക്കു കൂടുതല്‍ നിക്ഷേപമെത്തുന്നതിന് ഉള്‍പ്പെടെ റിപ്പോര്‍ട്ടു സഹായകരമാകുമെന്നാണു പ്രതീക്ഷ. മാത്രമല്ല തെക്കനേഷ്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ മുന്‍നിരയിലേക്കു വീണ്ടുമെത്തിക്കുന്നതിലും പ്രധാന ശക്തിയായി ഇന്ത്യ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നോട്ടുനിരോധനത്തിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും തിരിച്ചടികളെ ഇന്ത്യ മറികടന്നുവെന്നു സമീപകാലത്തു ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജിഎസ്ടിയും നോട്ടുനിരോധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കു പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നു പരാമര്‍ശിച്ച ഐഎംഎഫ് റിപ്പോര്‍ട്ട് അതിന്റെ വ്യാപ്തി എത്രത്തോളമാണെന്നു വ്യക്തമാക്കിയിട്ടില്ല.

2017 ല്‍ 6.7% സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ ഇത് 7.4 ശതമാനമാകുമെന്നാണു കണക്കുകൂട്ടുന്നത്. 2019ല്‍ 7.8 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. എന്നാല്‍ ലോകബാങ്ക് ഇത്രും ‘കടന്നു’ ചിന്തിക്കുന്നില്ല. 2017ലെ 6.7 ശതമാനത്തില്‍നിന്ന് 2018ല്‍ 7.3 ശതമാനത്തിലേക്കു വളര്‍ച്ചാ നിരക്ക് ഉയരുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്. 2019ലും 2020ലും ഇത് 7.5 ശതമാനത്തില്‍ തുടരുമെന്നും ലോകബാങ്ക് കണക്കുകൂട്ടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*