നോട്ട് ക്ഷാമം; 500 രൂപയുടെ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയാക്കുന്നു..!!

കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ച് മടങ്ങ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കറന്‍സി ക്ഷാമം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് നീക്കം.

‘കറന്‍സി നോട്ടുകള്‍ക്ക് ആവശ്യകത വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കറന്‍സി വിതരണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉദാഹരണത്തിന് അഞ്ഞൂറ് കോടിയുടെ അഞ്ഞൂറ് രൂപ നോട്ടുകളാണ് ഇപ്പോള്‍ ദിനം പ്രതി പുറത്തിറക്കുന്നത്. ഇത് അഞ്ച് മടങ്ങ് വര്‍ധിപ്പിച്ച് ദിവസവും 2500 കോടിയുടെ അഞ്ഞൂറ് രൂപ നോട്ടുകള്‍ എന്ന നിലയിലേക്കെത്തിക്കാനാണ് തീരുമാനം. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാവും. ഒരുമാസത്തിനകം 70,000 മുതല്‍ 75,000 കോടിയുടെ അഞ്ഞൂറ് രൂപാ നോട്ടുകള്‍ പുറത്തിറക്കും’- സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു.

രാജ്യത്ത് കറന്‍സി ക്ഷാമമുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഗാര്‍ഗ് പറഞ്ഞു. 18 ലക്ഷം കോടി രൂപ ഇപ്പോള്‍ രാജ്യത്ത് പ്രചാരത്തിലുണ്ട്. നോട്ട് നിരോധിക്കലിന്റെ കാലത്ത് ഇത് 17.5 ലക്ഷം കോടി മാത്രമായിരുന്നു. ആവശ്യമുള്ളതിനേക്കാള്‍ 2 മുതല്‍ 3.5 ലക്ഷം കോടി രൂപ വരെ കരുതല്‍ ശേഖരമായി സര്‍ക്കാര്‍ സൂക്ഷിക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് കറന്‍സിയുടെ ആവശ്യകത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ കറന്‍സി വിതരണം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ 1.75 ലക്ഷം കോടിയുടെ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്നും ഗാര്‍ഗ് വ്യക്തമാക്കി. മാസം തോറും കറന്‍സി നോട്ടുകളുടെ ആവശ്യകത ശരാശരി 20,000 കോടി രൂപയാണ്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ 13 ദിവസത്തിനുള്ളില്‍ ആവശ്യകത 45,000 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രാദേശികമായി മാത്രം കാണപ്പെടുന്ന വസ്തുതയാണെന്നും ഗാര്‍ഗ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*