നെയ്മറിന് എങ്ങനെ ഇത്രയും മോശമായി പെരുമാറാന്‍ കഴിഞ്ഞു?; വിമര്‍ശിച്ച് മുന്‍ ഫ്രഞ്ച് താരം..!!

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഫ്രാന്‍സ് താരം ക്രിസ്റ്റഫേ ഡുഗാറി. ഫ്രഞ്ച് ലീഗില്‍ ജേതാക്കളായ പിഎസ്ജിയുടെ ആഘോഷങ്ങളില്‍ താരം പങ്കെടുക്കാതിരുന്നതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

കൂട്ടുകാര്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ നെയ്മര്‍ക്ക് അവിടെ ഉണ്ടാകാതിരിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന് ഡുഗാറി ചോദിക്കുന്നു. ഒരു ടീമിനെ നയിക്കുന്ന താരത്തിന് ഇങ്ങനെ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നും ഡുഗാറി ചോദിക്കുന്നു. പിഎസ്ജിയുടെ മുഖത്ത് തുപ്പുന്നതുപോലെയാണ് നെയ്മര്‍ ഇപ്പോള്‍ പെരുമാറിയതെന്നും ഡുഗാറി വിമര്‍ശനം ഉന്നയിച്ചു. ബാഴ്‌സലോണയില്‍ ആയിരുന്നെങ്കില്‍ നെയ്മര്‍ തീര്‍ച്ചയായും ടീമംഗങ്ങള്‍ക്കൊപ്പം തന്റെ ആഹ്ലാദം പങ്കിടാന്‍ എത്തുമായിരുന്നുവെന്നും ഡുഗാറി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മൊണാക്കോയെ 7-1ന് തകര്‍ത്തെറിഞ്ഞ് ഉജ്ജ്വല പ്രകടനവുമായി പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷം മൊണാക്കോക്കു മുന്നില്‍ പരാജയപ്പെട്ട് നഷ്ടമായ കിരീടമാണ് ഈ സീസണില്‍ മൊണാക്കോയെ തകര്‍ത്തു തന്നെ സ്വന്തമാക്കിയിട്ടും ആഘോഷത്തില്‍ നെയ്മറുടെ സാന്നിധ്യമില്ലായിരുന്നു. ആ സമയം സുഹൃത്തുക്കള്‍ക്കൊപ്പം പോക്കര്‍ ഗെയിം കളിക്കുന്ന ചിത്രം താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചതുമാണ് ഫ്രഞ്ച് താരത്തെ രോഷാകുലനാക്കിയത്.

കാല്‍പ്പാദത്തിനു പൊട്ടലേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയുന്ന നെയ്മര്‍ വീഡിയോ കോളിലൂടെ പോലും തന്റെ ആഹ്ലാദം ടീമിനൊപ്പം പങ്കിട്ടില്ല. പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെടാനുള്ള ഒരു പ്രധാന കാരണം ഇതാണെന്നും ഡുഗാറി പറയുന്നു. ഇത്തരം മനോഭാവമുള്ള താരങ്ങള്‍ കളിച്ചാല്‍ ടീം ഒരിക്കലും രക്ഷപ്പെടില്ലെന്നും താരം അഭിപ്രായപ്പെട്ടു. അതേസമയം പിഎസ്ജിയില്‍ സംതൃപ്തനല്ലാത്ത നെയ്മര്‍ ഈ സീസണു ശേഷം ക്ലബ് വിടുമെന്ന സൂചനകളുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*