മൃതദേഹം വിദേശ വനിതയുടേതെന്ന് ബന്ധുക്കള്‍; ലിഗയുടെ ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു.!!

വാഴമുട്ടത്ത് കണ്ടെത്തിയ മൃതദേഹം വിദേശ വനിതയുടേതെന്ന് ബന്ധുക്കള്‍. ലിഗയുടെ ബന്ധുക്കള്‍ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. മൃതദേഹം വിദേശ വനിതയുടേത് ആകാമെന്ന് പൊലീസും വ്യക്തമാക്കി. ഡിഎന്‍എ പരിശോധന നടത്തും. കൊലപാതകമാകാമെന്ന് പൊലീസ് വ്യക്തമാക്കി.

കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടല്‍കാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത്. ശരീരത്തില്‍ നിന്ന് തലയോട്ടി വേര്‍പ്പെട്ട മൃതദേഹം കാട്ട് വള്ളികളില്‍ കുടുങ്ങിയ നിലയിലാണ്. മീന്‍പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.

വിദേശികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് മൃതദേഹത്തിലും കാണുന്നത്. ഇതാണ് മൃതദേഹം ലിഗയുടേതാകാമെന്ന സംശയത്തിന്റെ പ്രധാനകാരണം. ആയൂര്‍വേദ ചികിത്സക്കെത്തിയ ലിഗ ഒരു മാസം മുന്‍പ് കാണാതായതും കോവളത്ത് നിന്നാണ്. മൃതദേഹത്തിന്റെ പഴക്കം ഒരു മാസമാണെന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ.

ലിത്വാനിയയിലെ ഡബഌന്‍ സ്വദേശിനിയായ ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ലിഗയെ കോവളത്ത് കൊണ്ടിറക്കിയതായി ഓട്ടോഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

ലിഗ കോവളത്തെത്തിയ സമയം ബീച്ചില്‍ കാസര്‍കോഡ്, ആലപ്പുഴ, മലപ്പുറം ജില്ലക്കാരായ ഏതാനും പേരുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പൊലീസ് മൊഴിയെടുത്തു. പക്ഷെ സംശയസ്പദമായി ഒന്നും കണ്ടെത്താനായില്ല. കോവളവും ശംഖുമുഖവും തുടങ്ങി തീരമേഖലയിലെ ലഭ്യമായ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചു. അവയിലൊന്നും ലിഗയുണ്ടായിരുന്നില്ല. അന്വേഷിക്കും തോറും ഒരു തുമ്പും കിട്ടുന്നില്ലെന്ന് മാത്രമല്ല, ലിഗയ്ക്ക് എന്തുപറ്റി എന്ന ചോദ്യം കൂടുതല്‍ ദുരൂഹമാവുകയും ചെയ്തു. ലിഗയെ തേടി ഭര്‍ത്താവും സഹോദരിയും കണ്ണീരോടെ ട്വിറ്ററിലടക്കം പോസ്റ്റുകള്‍ ഇട്ടിരുന്നു. സംഭവത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*