ഡോക്ടര്‍ വേഷം കെട്ടി കഴിഞ്ഞ അഞ്ച് മാസം എയിംസ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ വ്യാജനെ ഒടുവില്‍ പിടികൂടി. 19 വയസ്സുകാരനായ അദ്നാന് ഖുറാമെന്ന ബിഹാര്‍ സ്വദേശിയാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം കഴിഞ്ഞ അഞ്ച് മാസമായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്കുള്ളില്‍ ചുറ്റിക്കറങ്ങി ഏവരെയും അമ്പരപ്പിച്ചത്.
സ്റ്റെതസ് കോപ്പും കയ്യിലൊരു കോട്ടുമായി ആശുപത്രിക്കുള്ളിലൂടെ ഓടി നടക്കലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പരിപാടി. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം ഡോക്ടര്‍മാര്‍ എയിംസിലുണ്ട്. പലര്‍ക്കും അന്യോനം തിരിച്ചറിയാന്‍ പോലും സാധിക്കാറുണ്ടായിരുന്നില്ല. ഇതാണ് അദ്നാന് മുതല്‍ക്കൂട്ടായത്.
ആശുപത്രിയിലെ ഒട്ടു മിക്ക എല്ലാ ഡോക്ടര്‍മാരോടും സൗഹൃദത്തിലായ ഇയാള്‍ പലരോടും പല മേല്‍വിലാസങ്ങളാണ് പറഞ്ഞിരുന്നത്. ഇതിനെ തുടര്‍ന്ന് റെസിഡന്‍ഡ് ഡോക്ടര്‍ ആസോസിയേഷന് യുവാവിനെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാരത്തോണിലാണ് അദ്നാന്റെ കള്ളം വെളിച്ചത്തായത്.
മാരത്തോണില്‍ പങ്കെടുക്കാന്‍ എല്ലാ ഡോക്ടര്‍മാരും നിര്‍ബന്ധമായും പേരും ഡിപ്പാര്‍ട്ട്മെന്റ് പേരും എഴുതി രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ അദ്നാന് വെട്ടിലായി. പേര് നല്‍കാതെ മാറി നില്‍ക്കുന്നത് കണ്ട യുവാവിനെ മറ്റ് ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തു. പിന്നീട് പൊലീസെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി. ചോദ്യം ചെയ്യലില്‍ വൈദ്യ ശാസ്ത്രപരമായ കാര്യങ്ങളില്‍ യുവാവിന്റെ അറിവ് കണ്ട് പൊലീസ് പകച്ചു നിന്നു പോയി.
കൂടാതെ ആശുപത്രിക്കുള്ളിലെ എല്ലാ ഡോക്ടര്‍മാരുടെ പേരും ഓരോ വിഭാഗത്തിലെ തലവന്മാരുടെ പേരും യുവാവിന് കാണാപാഠമായിരുന്നു. എയിംസിലെ മുതിര്‍ന്ന
ഡോക്ടര്‍മാര്‍ക്ക് പോലും മറ്റ് എല്ലാ വിഭാഗങ്ങളിലെ സഹപ്രവര്‍ത്തകരെ സംബന്ധിച്ച് കൃത്യമായ ധാരണ പലപ്പോഴും ഉണ്ടാകാറില്ല. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇയാള്‍ ആംഗമായിരുന്നു.
ആശുപത്രിയില്‍ കിടക്കുന്ന തന്റെ ബന്ധുവിനെ സഹായിക്കാനാണ് താന്‍ ഇത്തരത്തില്‍ വേഷം കെട്ടിയതെന്നാണ് യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് താന്‍ ഡോക്ടറാകാന്‍ വളരെയധികം ആഗ്രഹിച്ച വ്യക്തിയാണെന്നും തന്റെ സ്വപ്നം സഫലമാക്കാന്‍ വേണ്ടിയാണ് ഈ വിധത്തില്‍ വേഷം മാറിയതെന്നും അദ്നാന് പറഞ്ഞു. യുവാവ് ഇടയ്ക്കിടയ്ക്ക് ഇത്തരത്തില്‍ മൊഴി മാറ്റി പറയുന്നത് പൊലീസിനേയും കുഴപ്പിക്കുന്നുണ്ട്.