മാര്‍ക് സുക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധി സഭയില്‍ ഹാജരാകും..!!

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് യുഎസ് പ്രതിനിധിസഭാ സമിതിക്കു  മുന്‍പാകെ ഹാജരാകും. തനിക്കു പകരം ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്നു നേരത്തേ സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു മനംമാറ്റം.  സുക്കര്‍ബര്‍ഗ് ഏപ്രില്‍ 11നു ഹാജരാകുമെന്നു ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റി അറിയിച്ചു.

ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കു വെളിച്ചം വീശാന്‍ സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലുകളിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷ. അടുത്തിടെയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കാരുടെ ഓണ്‍ലൈന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണു സംഭവിച്ചതെന്നറിയാനും ഇതുവഴി സാധിക്കുമെന്ന് പ്രതിനിധി സഭയ്ക്കു മുന്നില്‍ ഹാജരാകാനുള്ള ഫെയ്‌സ്ബുക് സിഇഒയുടെ തീരുമാനത്തെ അനുമോദിച്ചു കൊണ്ട് സമിതി അംഗങ്ങള്‍ വ്യക്തമാക്കി.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിക്കു വിറ്റതായി കണ്ടെത്തിയിരുന്നു. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട ഒരു ആപ് ഡെവലപറാണു വിവരങ്ങള്‍ ചോര്‍ത്തിയത്. ഇക്കാര്യം സിഎയുടെ റിസര്‍ച് ഡയറക്ടറായ ക്രിസ്റ്റഫര്‍ വൈലി പുറത്തുവിട്ടതോടെയാണു സുക്കര്‍ബര്‍ഗ് പ്രതിരോധത്തിലായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*