മാന്‍വേട്ട കേസ്: സല്‍മാന്റെ പങ്കും അന്വേഷണത്തിന്റെ നാള്‍ വഴികളും ഇങ്ങനെ..!!

കൃഷ്ണമൃഗവേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. ശിക്ഷ മൂന്നു വര്‍ഷത്തില്‍ കുറവായതിനാല്‍ ഇന്നു തന്നെ ജാമ്യം ലഭിക്കും. രാജസ്ഥാന്‍ ജോധ്പൂര്‍ വിചാരണ കോടതിയുടേതാണ് വിധി. കേസില്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വേട്ടയ്ക്കിടെ സല്‍മാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13 നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു.

മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.

നേരത്തെ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസില്‍ അഞ്ച് വര്‍ഷത്തെ കീഴ്‌ക്കോടതി വിധി റദ്ദാക്കി 2015 ല്‍ മുംബൈ ഹൈക്കോടതി സല്‍മാനെ വെറുതെ വിട്ടിരുന്നു. 2002 സപ്തംബര്‍ 28ന് മുംബൈ ബാന്ദ്രയില്‍ ബേക്കറിക്കുമുമ്പില്‍ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയെന്നാണ് ഈ കേസ്. ആ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസിന്റെ ഫ്‌ലാഷ് ബാക്ക്

ഒക്ടോബര്‍ 2, 1998; ജോധ്പൂറിലെ കങ്കണി ഗ്രാമത്തിലുള്ള ബിഷ്‌ണോയ് വിഭാഗക്കാരായ രണ്ടുപേര്‍-പൂനംചന്ദും ചൂഗര്‍റാമും-സല്‍മാന്‍ ഖാന്‍ ജീപ്പില്‍ നിന്ന് കൃഷ്ണമൃഗത്തെ വെടിവെക്കുന്നത് കണ്ടിരുന്നു. അവര്‍ ബഹളം വെക്കുകയും താരത്തെ ബൈക്കില്‍ പിന്തുടരുകയും ചെയ്തു. നാട്ടുകാരും കൂടിയെങ്കിലും സല്‍മാനും കൂട്ടരും രക്ഷപ്പെടുകയായിരുന്നു. ഇതാണ് പിന്നീട് 1998 സെപ്റ്റംബര്‍ 26 നും 28 ലും മാനുകളെ വേട്ടയാടിയ സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിച്ചത്.

 

അന്ന് ഓടിക്കൂടിയവരില്‍ ഒരാളായ ബിഷ്‌ണോയ് 2006 ല്‍ പറഞ്ഞത് ‘അന്ന് രാത്രി ഞങ്ങള്‍ക്ക് അവരെ പിടികൂടാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ കേസ് ഇത്ര നീണ്ടു പോകില്ല’ എന്നാണ്. ബിഷ്‌ണോയ് ഗേത്രവിഭാഗക്കാര്‍ കൃഷ്ണമൃഗത്തെ ആരാധിക്കുന്നവര്‍ മാത്രമല്ല, അവരുടെ സ്ത്രീകള്‍ മാന്‍കുഞ്ഞുങ്ങളെ മുലയൂട്ടുന്നവരുമാണ്.

 2006 ല്‍ കേസില്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ മാധ്യമപ്രവര്‍ത്തകനായ കേതന്‍ രംഗ ബിഷ്‌ണോയ് വിഭാഗക്കാരെ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ തന്നെ അവര്‍ സംശയത്തോടെയാണ് വീക്ഷിച്ചതെന്ന് അദ്ദേഹം പറയുന്നു. സല്‍മാന്‍ താമസിക്കുന്ന മുംബൈയില്‍ നിന്നായിരുന്നു താന്‍ ചെന്നതെന്നതും അവരെ കൂടുതല്‍ സംശയാലുക്കളാക്കി. ജോധ്പുര്‍ കോടതിയില്‍ വെച്ച് കണ്ട ബിഷ്‌ണോയിയോട് കേസിന്റെ വിശദാംശങ്ങള്‍ ആരായുകയും പരാതി നല്‍കിയവരെ കാണാന്‍ സഹായിക്കണമെന്നു പറഞ്ഞെങ്കിലും അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയും കേസില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആ കേസ് അവര്‍ക്ക് ഹൃദയഭേദകമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബിഷ്‌ണോയികളെ വിശ്വസം നേടിയെടുക്കാന്‍ അവസാനം ഒരു രാജസ്ഥാനിയാണ് സഹായിച്ചതെന്നും കേതന്‍ പറയുന്നു.

‘ മൂന്നു ദിവസമാണ് ഞാന്‍ അവരേടൊപ്പം ചെലവഴിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിലെല്ലാം അവര്‍ എന്നെ കൊണ്ടുപോയി, മതാനിയ, ഗോധ ഫാം, കങ്കണി, മാനിനെ വേട്ടയാടിയ ദിവസം രാത്രി അതിനെ പാകപ്പെടുത്തിയ ഹോട്ടല്‍, ഒക്ടോബര്‍ 2 ന് കൊന്ന രണ്ട് മാനുകളുടെ അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം തുടങ്ങിയിടത്തെല്ലാം. സെപ്റ്റംബര്‍ 26 ന് കൊന്ന ഒരു മാനിനെ ആശിര്‍വാദ് പാകം ചെയ്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ താരങ്ങള്‍ക്കും ക്രൂ മെമ്പേഴ്‌സിനും വിളമ്പിയിരുന്നുവെന്നും’ കേതന്‍ പറയുന്നു.

 

കേസില്‍ സാക്ഷികളായവരെയും താന്‍ കണ്ടുവെന്ന് കേതന്‍ വ്യക്തമാക്കുന്നു. പൂനംചന്ദും ചൂഗറാമുമാണ് മാനിനെ കൊല്ലുന്നത് കണ്ടതും പിന്നീട് പൊലീസില്‍ പരാതി നല്‍കുന്നതും. സല്‍മാന്‍ ഖാന്റെ ജീപ്പിന്റെ ഡ്രൈവറെ കാണാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒളിവില്‍ പോയിരുന്നു. പല സാക്ഷികളും മുഖംതിരിച്ചു, എന്നാല്‍ ഒരാള്‍ മുഴുവന്‍ സംഭവങ്ങളും വിവരിക്കുകയും മാനിനെ പാകം ചെയ്യുന്നതിന് മുമ്പ് ഹോട്ടലിന്റെ പുറകുവശത്തുള്ള ഒരു റൂമിലെ വാഷ്‌ബേസിനിലാണ് മാംസം കഴുകിയതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കുകയും രക്തക്കറയും മാനിന്റെ രോമങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. ആദ്യം ഈ കേസിന്റെ അന്വേഷണം നടത്തിയത് വനം വകുപ്പായിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസിന് കൈമാറിയിരുന്നു.

 

ഒക്ടോബര്‍ 2ന് കൊന്ന മാനുകളുടെ അവശിഷ്ടം മറവുചെയ്തിടത്തായിരുന്നു താന്‍ പിന്നീട് പോയതെന്ന് കേതന്‍ പറയുന്നു. എല്ലാ വര്‍ഷവും മാനുകള്‍ കൊല്ലപ്പെട്ട ദിവസം ബിഷ്‌ണോയ് വിഭാഗക്കാര്‍ കുഴിമാടത്തിനടുത്ത് ചെന്ന് ദു:ഖാചരണം നടത്താറുണ്ട്. എന്നാല്‍ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഒരു മാന്‍ എല്ലാ ദിവസവും ആ കുഴിമാടത്തിനരികില്‍ വന്നു കുറേ സമയം ചെലവഴിക്കുന്നതാണ്. സല്‍മാനും കൂട്ടരും മൂന്നു മാനുകളെയാണ് വേട്ടയാടാന്‍ ശ്രമിച്ചതെന്നും രണ്ടെണ്ണം കൊല്ലപ്പെടുകയും ഈ ഒരെണ്ണം രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഗ്രാമീണര്‍ പറയുന്നത്.

സല്‍മാനും സെയ്ഫ് അലി ഭാനും വാനിനടുത്ത് തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം കേതന്‍ എടുത്തിരുന്നു. ഒക്ടോബര്‍ ഏഴിന് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. വേട്ടയാടാന്‍ പോയപ്പോള്‍ സഹായിയായുണ്ടായിരുന്ന ദിനേഷ് ഗവ്‌റിയായിരുന്നു കേസിലെ പ്രധാന സാക്ഷി. എന്നാല്‍ തോക്കുമായി ഒക്ടോബര്‍ എട്ടിന് മുംബൈയ്ക്ക് പോയ അയാളെ പിന്നീടൊരിക്കലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഹിറ്റ് ആന്‍ഡ് റണ്‍ കേസിലെ പോലെ മാന്‍ വേട്ടയാടല്‍ കേസിലും ഡ്രൈവറാണ് പ്രതിയെന്ന് സല്‍മാന്‍ ആരോപിച്ചിരുന്നു. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ഡ്രൈവര്‍ അശോക് ഹാജരാകുകയും വാഹനം ഓടിച്ചത് താനാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാന്‍ വേട്ടയാടല്‍ കേസില്‍ പ്രധാന സാക്ഷിയായ ഡ്രൈവര്‍ ഹരിഷ് ദുലനി പെട്ടന്നെ് അപ്രത്യക്ഷനാകുകയായിരുന്നു.

ആദ്യത്തെ രണ്ടുകേസിലും സല്‍മാനെതിരെ സാഹചര്യതെളിവുകളാണ് ഉണ്ടായിരുന്നതെങ്കിലും മൂന്നാമത്തെ മാന്‍ വേട്ടയാടല്‍ കേസ് സാക്ഷികളും തെളിവുകളും കൊണ്ട് ശക്തമായിരുന്നു. കേസില്‍ തെളിവുള്ളതിനാല്‍ നീതി കിട്ടുമെന്ന് ബിഷ്‌ണോയ് വിഭാഗക്കാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*