ലോകകപ്പ് കളിക്കാന്‍ ബാഴ്‌സ താരം രാജ്യം മാറുന്നു..!!

ലോകകപ്പ് കളിക്കുന്നതിനായി ബാഴ്‌സ താരം രാജ്യം മാറുന്നു. മുനിര്‍ എല്‍ ഹദദിയാണ് സ്‌പെയിനില്‍ നിന്നും മാറാന്‍ ഒരുങ്ങുന്നത്. അച്ഛന്റെ ജന്മനാടായ മൊറോക്കയ്ക്ക് വേണ്ടി കളിക്കാനാണ് താരത്തിന്റെ നീക്കം. ഇക്കാര്യം സംബന്ധിച്ച് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോര്‍ട്ടില്‍ താരം പരാതി നല്‍കിയിട്ടുണ്ട്. മൊറോക്കക്കു വേണ്ടി കളിക്കണമെന്ന മുനിര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് താരം കോടതിയെ സമീപിച്ചത്.

ഫിഫയുടെ നിയമപ്രകാരം ഒരു രാജ്യത്തിനു വേണ്ടി മത്സരത്തിനിറങ്ങിയ താരം മറ്റൊരു രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങാന്‍ പാടില്ല. 2014ല്‍ സ്‌പെയിനു വേണ്ടി ഒരു മത്സരം സിഡോണിയക്കെതിരെ മുനിര്‍ കളിച്ചിരുന്നു. പകരക്കാരനായി ഇറങ്ങിയ താരം ആകെ 15 മിനിറ്റ് മാത്രമാണ് കളത്തിലിറങ്ങിയതെങ്കിലും ഇരട്ട പൗരത്വമുള്ള താരത്തെ മൊറോക്കക്കു വേണ്ടി കളിക്കുന്നതില്‍ നിന്നും ഫിഫ വിലക്കിയത് ഇക്കാരണം കൊണ്ടാണ്. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

സ്‌പെയിനില്‍ ജനിച്ച മുനിര്‍ ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലൂടെയാണ് വളര്‍ന്നു വരുന്നത്. ഒരു സീസണ്‍ വലന്‍സിയയിലും കളിച്ച താരം ഇപ്പോള്‍ ലോണില്‍ അലാവസിലാണ് കളിക്കുന്നത്. ഈ സീസണില്‍ 11 ഗോളും 7 അസിസ്റ്റുമാണ് ഈ 22കാരന്‍ സ്വന്തമാക്കിയിട്ടുള്ളത്. അതിനിടെ ഇത്തരം നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഫിഫ നടപടിയെടുക്കാന്‍ തുടങ്ങുന്നുണ്ടെന്നും വാര്‍ത്തകള്‍ താരത്തിന് ആശ്വാസവാര്‍ത്തയാണ്. ലോകകപ്പില്‍ സ്‌പെയിനും മൊറോക്കൊയും പോര്‍ച്ചുഗല്‍, ഇറാന്‍ എന്നിവര്‍ക്കൊപ്പം ഒരു ഗ്രൂപ്പിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*