കര്‍ണന്റെ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍; പ്രത്യേക പൂജയും നടത്തി (ചിത്രങ്ങള്‍)

കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയില്‍. സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എട്ടുതവണ തിരക്കഥ മാറ്റിയെഴുതിയിരുന്നെന്ന് വിമല്‍ പറഞ്ഞിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രോജക്ട് ആണ് കര്‍ണന്‍. പിന്നീട് നിര്‍മാതാവും നായകനും പിന്മാറിയതോടെ സിനിമ മുടങ്ങിയെന്ന് ഏവരും കരുതി. എന്നാല്‍ മലയാളസിനിമാലോകത്തെ തന്നെ ഞെട്ടിച്ചായിരുന്നു വിമലിന്റെ ആ പ്രഖ്യാപനം.

വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്നായിരുന്നു വിമലിന്റെ പ്രഖ്യാപനം. ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന സിനിമയുടെ മറ്റുജോലികള്‍ പുരോഗമിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്. 300 കോടിയാണ് ബജറ്റ്. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

ചിത്രത്തെക്കുറിച്ച് ആര്‍.എസ് വിമല്‍ പറഞ്ഞത് ഇങ്ങനെ:

കര്‍ണന്‍ രാജ്യാന്തര സിനിമയാണ്. മഹാഭാരതമാണ് പ്രമേയം. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നു. കേരളവുമായി ഈ സിനിമയ്ക്ക് നിലവില്‍ ഒരു ബന്ധവുമില്ല. ഹിന്ദിയിലും തമിഴിലുമായാകും സിനിമ പുറത്തിറങ്ങുക. ‘മഹാവീര്‍ കര്‍ണ’ എന്നാണ് പേര്. മലയാളത്തില്‍ ചെറിയ രീതിയില്‍ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു കര്‍ണന്‍. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രം. നിര്‍മാതാവിന്റേയും കൂടി താല്‍പര്യത്തിനനുസരിച്ചാണ് ഒരു രാജ്യാന്തര നിലവാരത്തില്‍ ഈ ചിത്രം എടുക്കാന്‍ തീരുമാനിച്ചത്.

 

വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പിന്നീട് അറിയിക്കുന്നതായിരിക്കും. വിക്രം ആണ് അഭിനയിക്കുന്നതെന്ന് മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദിയിലെ പ്രമുഖ താരങ്ങളും ഹോളിവുഡിലുമുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്. അതേ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. മലയാളത്തില്‍ നേരത്തെ പ്ലാന്‍ ചെയ്ത കര്‍ണന്‍ എന്ന പ്രൊജക്ട് അല്ല ഈ സിനിമ. ഇത് വേറെ പ്രൊജക്ട് ആണ്. രാജ്യാന്തരതലത്തില്‍ നിന്നുള്ള ചിത്രമാണ്. 300 കോടിയാണ് പ്രോജക്ടിന്റെ ബജറ്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*