ഇന്ധന തീരുവ ഒഴിവാക്കണമെന്ന് പ്രതിപക്ഷം; കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി..!

പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വില വര്‍ദ്ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ സംസ്ഥാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ് വഴക്കം സംസ്ഥാനത്തില്ല. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില വര്‍ദ്ധനവിന് കാരണം. യുഡിഎഫ് സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ഐസക് പറഞ്ഞു.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു.ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്ധന തീരുവ കുറച്ചതെന്നും ഐസക് പറഞ്ഞു.

കിഫ്ബിക്ക് പണമുണ്ടാക്കാനാണ് ഇന്ധന സെസ്സ് ഒഴിവാക്കാത്തതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഡീസലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 59 തവണ വില വർധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാൻ എൽഡിഎഫ് തയ്യാറാകുന്നില്ല. 619.17 കോടിയുടെ അധിക നികുതി വരുമാനം യുഡിഎഫ് സർക്കാർ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേസമയം പതിനാലാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് അവസാനിക്കും. സമ്പൂര്‍ണ ബജറ്റ് പാസ്സാക്കിയാണ് സമ്മേളനം അവസാനിക്കുന്നത്‌. ഫെബ്രുവരി 26ന് ആരംഭിച്ച സഭാ സമ്മേളനം 24 ദിവസം ചേര്‍ന്നിരുന്നു. പ്രക്ഷുബ്ധമായ പല സന്ദര്‍ഭങ്ങള്‍ക്കും നിയമസഭയുടെ പത്താം സമ്മേളനം സാക്ഷ്യം വഹിച്ചു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധം, അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം, മണര്‍കാട് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം തുടങ്ങി നിരവധി വിഷയങ്ങളാല്‍ സഭ പ്രക്ഷുബ്ധമായിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*