ബാഗിന് പുറത്ത് ബോംബെ എന്നെഴുതിയത് ബോംബ് എന്ന് ചുരുങ്ങിയതോടെ പുലിവാലുപിടിച്ച് വിമാനയാത്രക്കാരി. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലെത്തിയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗ് ആണ് ഭീതിവിതച്ചത്.
ഇതോടെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വിമാനത്താവളത്തിലെത്തി ബാഗ് പരിശോധിച്ചു. ബാഗിന് പുറത്ത് ബോംബെ ടു ബ്രിസ്ബെയ്ന്‍ എന്ന് 65 കാരി എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ ബോംബെ എന്ന് മുഴുവനായി എഴുതാന്‍ സ്ഥലം പോരാതെ വന്നു. ഇതോടെ അവര്‍ ചുരുക്കി ബോംബ് എന്നെഴുതി.
പക്ഷേ മുഴുവന്‍ എഴുതിയപ്പോള്‍ അത് ബോംബ് ടു ബ്രിസ്ബെയ്ന്‍ എന്നായി. താഴെ മുംബൈ എന്ന് ചെറുതാക്കി എഴുതിയിരുന്നു. പക്ഷേ ബാഗിലെ എഴുത്ത് ശ്രദ്ധയില്‍പ്പെട്ടവര്‍ ആശങ്കാകുലരായി. ബാഗില്‍ ബോംബ് ആണോയെന്ന് ഇവര്‍ക്ക് സംശയം തോന്നി. ഭയപ്പെട്ട ആളുകള്‍ ബാഗ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്തിനാണ് ബോംബ് എന്ന് എഴുതിയിരിക്കുന്നതെന്നും അവര്‍ ആരാഞ്ഞു. എന്നാല്‍ ബോംബെ എന്ന് എഴുതാന്‍ സ്ഥലമില്ലാത്തതിനാല്‍ അവസാന രണ്ടക്ഷരം ചുരുക്കിയതാണെന്ന് അവര്‍ മറുപടി നല്കി.
താഴെ മുംബൈ എന്നുള്ളതും അവര്‍ ചൂണ്ടിക്കാട്ടി. പക്ഷേ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഓസ്ട്രേലിയന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു. ഒടുവില്‍ 65 കാരിക്ക് അബദ്ധം പിണഞ്ഞതാണെന്ന് തിരിച്ചറിഞ്ഞതോടെ അവരെ വിട്ടയച്ചു. വെങ്കട ലക്ഷ്മിയുടെ മകള്‍ ജ്യോതിരാജ് പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ്. മകള്‍ക്കും കുടുംബത്തോടുമൊപ്പം ജന്മദിനം ആഘോഷിക്കാനാണ് ഇവര്‍ ബ്രിസ്ബെയ്നിലെത്തിയത്.