എന്നെ രക്ഷിച്ചത് സെവാഗാണ്; വെടിക്കെട്ട് ബാറ്റിംഗിന് ശേഷം സെവാഗിന് നന്ദി അറിയിച്ച് ഗെയ്ല്‍..!!

ഐപിഎല്‍ താരലേലത്തില്‍ മികച്ച ഫോമിലല്ലാതിരുന്നതിനാല്‍ എല്ലാ ടീമുകളും ഉപേക്ഷിച്ച താരമായിരുന്നു ക്രിസ് ഗെയ്ല്‍. എന്നാല്‍ ഇന്നലെ ഒരു രാത്രികൊണ്ട് അവഗണിച്ചവരെല്ലാം കുറ്റബോധത്താല്‍ മനസ് നീറി ആകും ദിവസം തള്ളിനീക്കിയത്. ആര്‍ക്കും വേണ്ടാതിരുന്ന താരത്തെ അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലിടം നല്‍കാന്‍ പഞ്ചാബ് പോലും തയ്യാറായിരുന്നില്ല. പക്ഷേ അപമാനത്താല്‍ കളത്തിലിറങ്ങിയ താരം ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തന്റെ വരവറിയിക്കുകയും രണ്ടാം മത്സരത്തില്‍ 11ാം ഐപിഎല്ലില്‍ തന്നെ ആദ്യ സെഞ്ച്വറി കുറിക്കുകയും ചെയ്തു.

63 പന്തില്‍ 103 റണ്‍സെടുത്ത ഗെയ്‌ലിന്റെ മികവിലായിരുന്നു പഞ്ചാബ് ഹൈദരാബാദിനെ നിലംപരിശാക്കി വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. ടൂര്‍ണ്ണമെന്റിലെ ഹൈദരാബാദിന്റെ ആദ്യ തോല്‍വിയാണ് ഇന്നലത്തേത്.

സണ്‍റൈസേഴ്‌സിനെതിരായ സെഞ്ച്വറി നാളെ രണ്ട് വയസ് തികയുന്ന തന്റെ മോള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സീസണിലെ തന്റെ രണ്ടാം മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടാന്‍ കഴിഞ്ഞത് ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും പറഞ്ഞ ഗെയില്‍, വരും മത്സരങ്ങളിലും മികവ് തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

തന്റെയും ടീമിന്റെയും വിജയത്തില്‍ പക്ഷെ ഗെയ്ല്‍ നന്ദി അറിയിച്ചത് ടീം മെന്റര്‍ സെവാഗിനോടായിരുന്നു.’ എന്നെ പതിനൊന്നാം സീസണില്‍ ഉള്‍പ്പെടുത്തി രക്ഷിച്ചത് സെവാഗാണ്. ഏത് ഫ്രാഞ്ചൈസിയാണ് എന്നെ ഉള്‍പ്പെടുത്തിയതെങ്കിലും അവര്‍ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുക എന്നതിനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് തെളിയിക്കാന്‍ പലതുമുണ്ടെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആദ്യലേലങ്ങളിലൊന്നും എന്നെ പരിഗണിച്ചിരുന്നില്ല. സെവാഗാണ് എനിക്കുവേണ്ടി രംഗത്തിറങ്ങിയത്. ഗെയ്ല്‍ രണ്ടു കളികള്‍ ഞങ്ങള്‍ക്കുവേണ്ടി ജയിച്ചാല്‍ മുടക്കിയ പണം തിരിച്ചുകിട്ടുമെന്ന് സെവാഗ് പറഞ്ഞിരുന്നു.’ ഗെയ്ല്‍ പറഞ്ഞു.

തനിക്ക് വയസായിട്ടില്ലെന്നും ഇനിയും നന്നായി കളിക്കാന്‍ പറ്റുമെന്നും താരം പറഞ്ഞു. ‘ ആരാണ് പറഞ്ഞത് എനിക്ക് വയസായെന്ന്, എനിക്ക് പ്രായമേറിയെന്നും ഇനി പഴയത് പോലെ കളിക്കാന്‍ പറ്റില്ലെന്നും പലരും കരുതിയിട്ടുണ്ട്. അവര്‍ക്ക് മുന്നില്‍ എനിക്ക് ഇനിയൊന്നും തെളിയിക്കാനില്ല. തനിക്ക് അധികം പ്രായമായിട്ടില്ലെന്ന് തെളിയിക്കാന്‍ ഈ ഒരൊറ്റ ഇന്നിംഗ്‌സ് മാത്രം മതി. ഗെയ്ല്‍ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*