ദളിത് ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞു,കടകളടപ്പിച്ചു; ഗീതാനന്ദന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം..!!

ഭാരത് ബന്ദിന് നേര്‍ക്കുണ്ടായ വെടിവെപ്പിലും അക്രമത്തിലും പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരേയാണ് ഹര്‍ത്താല്‍. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ തടയുമെന്നും, വ്യാപാര സ്ഥാപനങ്ങള്‍ തുറന്നാല്‍ അടപ്പിക്കുമെന്നും ദളിത് സംഘടന നേതാക്കള്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അടക്കം വിവിധ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. വിവിധ യൂണിവേഴ്‌സിറ്റികള്‍ പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. സര്‍വ്വീസ് നടത്തിയ വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇതോടെ പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തി.

ആലപ്പുഴയില്‍ ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും പലയിടത്തും തടഞ്ഞു. കടകളും വ്യാപകമായി അടപ്പിച്ചു. അതേസമയം ആദിവാസി ഗോത്രസഭനേതാവ് ഗീതാനന്ദനടക്കം അറുപതിലേറേപ്പെരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഗീതാനന്ദനെയും കൂട്ടരേയും കസ്റ്റഡിയിലെടുത്തത്. സി.എസ് മുരളി, വി.എസ് ജെന്നി തുടങ്ങിയ നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്. കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം ഗീതാനന്ദനെ എത്രയും വിട്ടയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലും ദളിതര്‍ക്കതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എല്ലാവരും ഹര്‍ത്താല്‍ നടത്തുന്നുണ്ട്. ഇവിടെ ദളിതര്‍ ഹര്‍ത്താര്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ മനോഭാവമാണ് സംസ്ഥാനത്തുള്ള ദളിത് പീഡനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ ഗീതാനന്ദനെ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്ത് നടപടി മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയും പി സി ജോര്‍ജ് എംഎല്‍എയും അഖില കേരള എഴുത്തച്ഛന്‍ സമാജവും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഹര്‍ത്താലില്‍ വ്യാപക അക്രമ സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതായി സംസ്ഥാന ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയൊരുക്കണമെന്നും, ഹര്‍ത്താല്‍ നേരിടാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും ഡിജിപിയ്ക്ക് രഹസ്യാന്വേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ച് കനത്ത സുരക്ഷയിലാണ് ഹര്‍ത്താല്‍ നടക്കുന്നത്.

 

 

 

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*