ബൗണ്ടറി ലൈനില്‍ അഭ്യാസം കാണിച്ച് രാജസ്ഥാന്‍ സൂപ്പര്‍താരം; ഒടുവില്‍ സംഭവിച്ചത്…

രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് സൂപ്പര്‍ ജയം. ബാറ്റിങ് കരുത്തില്‍ മികവ് തെളിയിച്ചതാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. 48 റണ്‍സെടുത്ത ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ രാജസ്ഥാന്‍ പൊരുതി കളിച്ചെങ്കിലും വിജയം കാണാനായില്ല. വളരെ കഷ്ടപ്പെട്ടാണ് രാജസ്ഥാന്‍ ഉത്തപ്പയെ പുറത്താക്കിയത്. രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്ക്‌സിന്റെ അഭ്യാസമാണ് ഉത്തപ്പയുടെ വിക്കറ്റ് തെറിക്കാന്‍ കാരണമായത്.

ടീമിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയ താരമാണ് ബെന്‍ സ്‌റ്റോക്ക്‌സ്. എന്നാല്‍ ഇന്നലത്തെ ഈ ഒരൊറ്റ അഭ്യാസ പ്രകടനത്തിലൂടെ ആരാധകരുടെ കൈയ്യടി നേടിയിരിക്കുകയാണ് താരം. കൊല്‍ക്കത്തയുടെ ഓപ്പണിംഗ് താരം റോബിന്‍ ഉത്തപ്പയെ ബൗണ്ടറി ലൈനിനരികില്‍ വച്ച് ക്യാച്ച് ചെയ്താണ് ഇംഗ്ലീഷ് താരം പുറത്താക്കിയത്.

48 റണ്‍സുമായി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുകയായിരുന്നു ഉത്തപ്പ. സിക്‌സാണെന്നുറപ്പിച്ച ഷോട്ട് പക്ഷേ ബൗണ്ടറി ലൈനിന് അരികില്‍ വെച്ച് സ്റ്റോക്ക്‌സ് കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു. പക്ഷേ പിന്നോട്ട് വീഴുമെന്നും ലൈനില്‍ തൊടുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പന്ത് മുകളിലേക്ക് എറിയുകയായിരുന്നു. വിചാരിച്ച പോലെ തന്നെ സ്‌റ്റോക്ക്‌സിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയെങ്കിലും പന്ത് മുകളിലേക്ക് എറിഞ്ഞതുകൊണ്ട് വീണ്ടും അത് പിടിയിലൊതുക്കി ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സ്റ്റോക്‌സിന് സാധിച്ചു. കളിയിലെ പെര്‍ഫെക്ട് ക്യാച്ചും ഇതായിരുന്നു.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ അനായാസമായാണ് കൊല്‍ക്കത്ത മറികടന്നത്. ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഒരോവറും ഒരു പന്തും ബാക്കി നില്‍ക്കെ മറികടന്നു.

നായകന്‍ ദിനേശ് കാര്‍ത്തിക്കിന്റേയും റോബിന്‍ ഉത്തപ്പയുടേയും ബാറ്റിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. മത്സരത്തിലുടനീളം ആധിപത്യം കൊല്‍ക്കത്തയ്ക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി അജിങ്ക്യ രഹാനെയും ഡാര്‍സി ഷോട്ടും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഒതുങ്ങി.

19 പന്തില്‍ നിന്നും 35 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യമെങ്കില്‍ 42 പന്തില്‍ നിന്നും 44 റണ്‍സാണ് ഷോട്ട് എടുത്തത്. കൊല്‍ക്കത്തന്‍ താരങ്ങളുടെ ഫീല്‍ഡിംഗ് മികവിനും മത്സരം സാക്ഷിയായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 35 റണ്‍സും ഉത്തപ്പ 48 റണ്‍സുമെടുത്ത് മികച്ച തുടക്കം നല്‍കി. പിന്നാലെ എത്തിയ നായകന്‍ ദിനേശും യുവതാരം നിതീഷ് റാണയും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു. ദിനേശ് 42 റണ്‍സും റാണ 35 റണ്‍സും നേടി.

അതേസമയം, മലയാളി താരം സഞ്ജു സാംസണും കാര്യമായി സംഭാവന ചെയ്യാതെ മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. 7 പന്തില്‍ 7 റണ്ണമായി നില്‍ക്കവേ ശിവം മവിയുടെ പന്തില്‍ കുല്‍ദീപിനു ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 44 റണ്ണെടുത്ത ഷോട്ട് ഫോമിലേക്ക് ഉയര്‍ന്നത് രാജസ്ഥാനു പ്രതീക്ഷ നല്‍കുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*