അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നത്തിന് വമ്പന്‍ തിരിച്ചടി..!!

ജൂണില്‍ ആരംഭിക്കുന്ന റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീട മോഹവുമായെത്തുന്ന അര്‍ജന്റീന ടീമിന് കനത്ത തിരിച്ചടി. ടീമിലെ മുന്നേറ്റനിര താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് ടീം പരിശീലകന്‍ സാംപോളിയും ടീമംഗങ്ങളും ആശങ്കയിലായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. യുണൈറ്റഡ് താരം ആഷ്‌ലി യങ്ങ് അഗ്യൂറോയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കാല്‍പാദത്തിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പ് പൂര്‍ണമായും സുഖം പ്രാപിക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അര്‍ജന്റീനിയന്‍ ടീം ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ശേഷം പരിക്ക് പൂര്‍ണമായും മാറാന്‍ ഒന്നരമാസത്തോളം സമയം വേണമെന്ന് ഡോക്ടര്‍ പറഞ്ഞു. താരത്തിന് മുമ്പും ഇതേ സ്ഥലത്ത് പരിക്കേറ്റിട്ടുള്ളതിനാല്‍ വേഗം സുഖപ്പെടാന്‍ സാധ്യത കുറവാണ്. ലോകകപ്പിന് മുമ്പ് പരിക്ക് പൂര്‍ണമായും സുഖപ്പെടുത്താന്‍ അഗ്യൂറോക്ക് ശ്രമിക്കാമെന്നും എന്നാല്‍ താരത്തിനു ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ നൂറു ശതമാനം ഉറപ്പു പറയാനാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

നേരത്തേ മുന്നേറ്റത്തില്‍ സാംപോളി പരീക്ഷിച്ചിരുന്ന ബെനഡെറ്റോയും പരിക്കേറ്റ് പുറത്തായിരുന്നു. അഗ്യൂറോക്ക് പരിക്കേറ്റതോടെ ഇന്റര്‍ മിലാന്‍ ക്യാപ്റ്റന്‍ മൗറോ ഇകാര്‍ഡി, യുവന്റസ് താരം ഡിബാല എന്നിവരെ സാംപോളി ടീമിലേക്കു പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് താരങ്ങളും തകര്‍പ്പന്‍ ഫോമിലാണെങ്കിലും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ സാംപോളി വെളിപ്പെടുത്തിയിരുന്നു. അതിനിടെ ബൊക്ക ജൂനിയേഴ്‌സ് താരം കാര്‍ലോസ് ടെവസിനെയും ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് സൂചനകളുണ്ട്. ജൂണ്‍ പതിനാറിന് ഐസ്‌ലന്റുമായാണ് ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*