വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം പത്ത് ലക്ഷം രൂപയാക്കി; മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാനും മന്ത്രിസഭാ തീരുമാനം..!!

വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരുക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ധിപ്പിക്കും.

മൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപവരെ നഷ്ടപരിഹാരം അനുവദിക്കും. ഇപ്പോള്‍ 75,000 രൂപ വരെയാണ് അനുവദിക്കുന്നത്. വീടുകള്‍, കുടിലുകള്‍, കൃഷി, കന്നുകാലികള്‍ എന്നിവയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു നല്‍കുന്ന ധനസഹായം പരമാവധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇപ്പോള്‍ പരമാവധി 75,000 രൂപയാണ് നല്‍കുന്നത്. വ്യക്തികള്‍ക്കുണ്ടാകുന്ന പരുക്കിന് നല്‍കുന്ന സഹായം പരമാവധി 75,000 രൂപ എന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. പട്ടികവര്‍ഗക്കാരുടെ കാര്യത്തില്‍ ചികിത്സയ്ക്കു ചെലവാകുന്ന മുഴുവന്‍ തുകയും അനുവദിക്കും.

കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിന്നു മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചു വാങ്ങാനും തീരുമാനമായിട്ടുണ്ട്. ഇതിന് 18.24 കോടി രൂപ ചെലവ് വരും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബിപിസിഎല്‍, കൊച്ചി കപ്പല്‍നിര്‍മാണശാല എന്നീ സ്ഥാപനങ്ങളുടെ സംഭാവന കൂടി ഉപയോഗിച്ചാണ് ആംബുലന്‍സുകള്‍ വാങ്ങുന്നത്.

പിരപ്പന്‍കോട് നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നെടുമങ്ങാട് മുക്കംപാലമൂട് കുന്നൂര്‍കോണത്തു വീട്ടില്‍ ശ്രീജിത്തിന്റെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ധനസഹായം അനുവദിച്ചു.

2007-ലെ സ്‌പെഷല്‍ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ഇ.ബി. ഷൈഭന് (കോട്ടയം) പ്രത്യേക കേസായി പരിഗണിച്ച് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ചൗക്കിദാര്‍, ഗാര്‍ഡ്‌നര്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും ഒന്നില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് 131 കോടി രൂപ ചെലവ് വരുന്ന അഞ്ച് കുടിവെളള വിതരണ പദ്ധതികള്‍ നടപ്പാക്കാന്‍ തീരൂമാനം. കുഞ്ഞിമംഗലം ചെറുതാഴം (കണ്ണൂര്‍ – 44 കോടി രൂപ), മുവാറ്റുപുഴ പൈങ്ങോട്ടൂര്‍ (23 കോടി), കൊഴിഞ്ഞാമ്പാറ വടകരപതി എരുത്തംപതി (29 കോടി), പെരുമാട്ടി, പട്ടണച്ചേരി, എലപ്പുളളി, നല്ലേപ്പളളി (25 കോടി), അമ്പലപ്പാറ (10 കോടി).

പട്ടികജാതിവര്‍ഗ വിഭാഗത്തിന് പ്രത്യേക നിയമനം നടത്തുന്നതിന് വ്യവസായ പരിശീലന വകുപ്പില്‍ രണ്ട് എല്‍ഡി ടൈപ്പിസ്റ്റുമാരുടെയും തസ്തികകള്‍ സൂപ്പര്‍ന്യൂമററിയായി സൃഷ്ടിക്കും.

പാലിയം ഈശ്വരസേവ ട്രസ്റ്റിന് 11 അക്കൗണ്ടുകളിലായി നല്‍കിവരുന്ന പൊളിറ്റിക്കല്‍ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 3000 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പദ്ധതികള്‍ക്കു വേണ്ടി രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ പേരില്‍ എഴുതി നല്‍കുന്ന ദാനാധാരങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി പൊതു ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശന് നഗരകാര്യവകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. അവധികഴിഞ്ഞു വന്ന നവജോത് ഖോസയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാനും തീരുമാനിച്ചു. ആയുഷ് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതലയും അവര്‍ക്കുണ്ടാവും. അസാപ് സിഇഒ ഡി. സജിത് ബാബുവിനെ സഹകരണ റജിസ്ട്രാര്‍ ആയി നിയമിക്കും. നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാറിനെ അസാപ് സിഇഒ ആയി മാറ്റി നിയമിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*