ഉത്തര്‍പ്രദേശില്‍ പത്തില്‍ ഒമ്പത് സീറ്റും ബിജെപിക്ക്; എസ്പി – ബിഎസ്പി സഖ്യത്തിന് തിരിച്ചടി..!

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അംഗബലം കൂട്ടി ബിജെപി. പാര്‍ട്ടിമാറി വോട്ട് ചെയ്യല്‍ നടന്ന ഉത്തര്‍പ്രദേശില്‍ ഒന്‍പത് സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും. പത്തില്‍ എട്ടു സീറ്റ് മാത്രം ഉറപ്പുണ്ടായിരുന്ന ബിജെപി ഒന്‍പതാം സീറ്റും പിടിച്ച് എസ്പി – ബിഎസ്പി സഖ്യത്തെ ഞെട്ടിച്ചു. ഇതിനൊപ്പം, മുന്‍ കേരള സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍നിന്നും എന്‍ഡിഎ കേരള വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍നിന്നും ബിജെപി പ്രതിനിധികളായി രാജ്യസഭയിലെത്തി.

245 അംഗസഭയിലെ 58 സീറ്റുകളിലാണ് ഒഴിവു വന്നത്. കേരളത്തിലെ ഒരു സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. ഇതില്‍ 33 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുപിയില്‍ ആദ്യറൗണ്ടില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെടെ എട്ടു ബിജെപി സ്ഥാനാര്‍ഥികളും എസ്പിയുടെ ജയ ബച്ചനും ജയിച്ചെങ്കിലും പത്താമനു വിജയിക്കാനാവശ്യമായ 37 വോട്ട് മറ്റു രണ്ടുപേര്‍ക്കും ലഭിച്ചില്ല. ബിഎസ്പിയുടെ ബി.ആര്‍.അംബേദ്കറിന് 32 വോട്ടും ബിജെപിയുടെ അനില്‍ അഗര്‍വാളിനു 16 വോട്ടുമാണു ലഭിച്ചത്. തുടര്‍ന്നു രണ്ടാം മുന്‍ഗണനാ വോട്ടിന്റെ അടിസ്ഥാനത്തില്‍ അഗര്‍വാള്‍ വിജയിയായി.

ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ എംഎല്‍എമാര്‍ ബിജെപിക്കു വോട്ടുചെയ്തു; ബിജെപി സഖ്യത്തിലുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എംഎല്‍എ ബിഎസ്പിക്കും. എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാര്‍ വിവിധ കേസുകളില്‍ ജയിലിലായതിനാല്‍ വോട്ടുചെയ്യാന്‍ അനുമതി ലഭിച്ചതുമില്ല. ഗോരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വന്‍തോല്‍വി ഏറ്റുവാങ്ങി സീറ്റ് കൈവിട്ട ബിജെപിക്ക് ഈ അപ്രതീക്ഷിത ജയം തല്‍ക്കാലത്തേക്ക് ആശ്വാസമായി; പുതുതായി രൂപപ്പെട്ട എസ്പി – ബിഎസ്പി സഖ്യത്തിനു തിരിച്ചടിയും.

നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി രാജ്യസഭയിലെത്തിയത്. കോണ്‍ഗ്രസിലെ ഡോ. എല്‍.ഹനുമന്തയ്യ, ഡോ. സയദ് നസീര്‍ ഹുസൈന്‍, ജി.സി.ചന്ദ്രശേഖര്‍ എന്നിവരും ബിജെപിയുടെ രാജീവ് ചന്ദ്രശേഖറുമാണു വിജയിച്ചത്. കോണ്‍ഗ്രസിന്റെ മന്ത്രി കഗൊഡു തിമ്മപ്പയും ബാബുറാവു ചിഞ്ചന്‍സുറും ആദ്യം ലഭിച്ച ബാലറ്റ് പേപ്പറില്‍ ‘തെറ്റുപറ്റിയതിനാല്‍’ രണ്ടാമതും ബാലറ്റ് ആവശ്യപ്പെട്ടു. നടപടി ചോദ്യംചെയ്ത ജനതാദള്‍ (എസ്) വോട്ടെടുപ്പു ബഹിഷ്‌കരിച്ചു. ഏഴു ജെഡിഎസ് വിമതര്‍ കോണ്‍ഗ്രസിനു വോട്ട് നല്‍കി.

ഗുജറാത്തും മധ്യപ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ 33 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 59 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യസഭയില്‍ എന്‍ഡിഎ 86, യുപിഎ 64, മറ്റുള്ളവര്‍ 89 എന്നിങ്ങനെയായി പുതിയ കക്ഷിനില. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാലുപേരും കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ്‌വിയും വിജയിച്ചു. സിപിഎമ്മിന്റെ രബിന്‍ ദേവ് പരാജയപ്പെട്ടു. ജാര്‍ഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഓരോ സീറ്റ് നേടി. മഹാരാഷ്ട്രയില്‍ ബിജെപിക്കു മൂന്നും ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയ്ക്ക് ഓരോ സീറ്റും ലഭിച്ചു. തെലങ്കാനയിലെ മൂന്നു സീറ്റിലും തെലങ്കാന രാഷ്ട്ര സമിതി ജയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*