പട്ടിക്കുട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് വന്ന ജീവിയുടെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും അമ്പരന്നു..!!

പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിന് തിരിച്ചറിവ് ഉണ്ടായത്. ചൈനയിലെ യുനാന്‍ പ്രാവിശ്യയിലെ യോങ്‌ഷെങ് എന്ന പ്രദേശത്താണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്.

2015 ലാണ് യുവാവിന് ഒരു മലഞ്ചെരുവില്‍ വെച്ച് ഈ കരടിക്കുഞ്ഞിനെ ലഭിക്കുന്നത്. ഒരു കറുത്ത സുന്ദരന്‍ പട്ടിക്കുട്ടിയാണെന്നാണ് യുവാവ് അദ്യം കരുതിയത്. അതു കൊണ്ട് തന്നെ യുവാവ് കരടിക്കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് വന്നു. വീട്ടിലുള്ള വെളുത്ത പട്ടിയുമായും കരടിക്കുഞ്ഞന്‍ ചെറുപ്പത്തിലെ നല്ല കുസൃതിയായിരുന്നു. ഇവ രണ്ടും തമ്മില്‍ അടിപിടി കൂടുന്ന ചിത്രങ്ങളും യുവാവ് മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്തിരുന്നു.

ഇരുവര്‍ക്കും ഒരേ തരത്തിലുള്ള ഭക്ഷണമാണ് നല്‍കിയത്. എട്ട് മാസം കഴിഞ്ഞപ്പോഴേക്കും കരടിക്കുഞ്ഞ് 80 കിലോയോളം തൂക്കവും 1.7 മീറ്റര്‍ നീളവും വെച്ചു. അപ്പോഴാണ് യുവാവിനും കുടുംബത്തിനും ഈ ജീവിയില്‍ ചെറിയ സംശയങ്ങള്‍ ഉടലെടുത്തത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം കരടി കുറച്ച് കൂടി വണ്ണം വെച്ചതോടെ വീടിന് മുന്നില്‍ ഒരു ഇരുമ്പ് കൂട് പണിയിച്ച് ജീവിയെ അതിനുള്ളിലാക്കി.

ഈയിടെയാണ് ഈ വിഷയം മൃഗസംരക്ഷണ വകുപ്പ് അധികതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അധികൃതര്‍ കരടിയെ പിടിച്ച് കൊണ്ട് പോയി അവരുടെ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. കരടിയെ കാട്ടിലേക്ക് ഇറക്കി വിടാനുള്ള നീക്കങ്ങളിലാണ് മൃഗ സംരക്ഷണ അധികൃതര്‍. യുവാവിനെതിരെ വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ മനപ്പൂര്‍വം ചെയ്ത കുറ്റമല്ലെന്നാണ് യുവാവിന്റെ വാദം.

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*