നെയ്മറെ ബാഴ്‌സയില്‍ തിരിച്ചെത്തിക്കണമെന്ന് ലയണല്‍ മെസി..!

പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചെത്തണമെന്ന് ലയണല്‍ മെസിയും മറ്റ് ചില ബാഴ്‌സ താരങ്ങളും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. തന്റെ ചില സുഹൃത്തുക്കളോടും കുടുംബക്കാരോടും നെയ്മറുടെ തിരിച്ചുവുവരവ് താന്‍ ആഗ്രഹിക്കുന്നതായി മെസി വെളിപ്പെടുത്തിയെന്ന് സ്പാനിഷ് ദിനപത്രമായ കഡനെ കോപ്പെ റിപ്പോര്‍ട്ട് ചെയ്തു.

മെസ്സിയെ കൂടാതെ ബാഴ്‌സ താരങ്ങളായ ഇവാന്‍ റാക്ടിച്ച്, ഫിലിപ്പ് കുട്ടീഞ്ഞോ തുടങ്ങിയവരും നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. നേരത്തെ റാക്ടിച്ച് പരസ്യമായി നെയ്മറെ ബാഴ്‌സയിലേക്ക് സ്വാഗതം ചെയ്തിരുന്നു.

പിഎസ്ജിയില്‍ പോയതിന് ഖേദിക്കുന്നുണ്ടെന്നും ബാഴ്‌സയിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്നും നെയ്മറിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് താരം വീണ്ടും ബാഴ്‌സലേക്കെന്ന ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, നെയ്മറുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ബാഴ്‌സലോണയും പരിശീലകന്‍ ഏണസ്‌റ്റോ വല്‍വെര്‍ഡെയും നിഷേധിച്ചിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നാണ് വരുന്നതെന്നാണ് വല്‍വെര്‍ഡെയുടെ ചോദ്യം.

ഈ സീസണിന്റെ തുടക്കത്തിലാണ് ലോക റെക്കോര്‍ഡ് തുകയ്ക്ക് നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബിലേക്ക് കൂടുമാറിയത്. 30 മത്സരങ്ങള്‍ക്കായി പിഎസ്ജി ജെഴ്‌സിയണിഞ്ഞ താരം 29 തവണ ഗോള്‍ നേടുകയും 19 അസിസ്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലായ താരത്തിനെ റയല്‍ മാഡ്രിഡും സ്വന്തം നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*