ന്യൂസിലന്‍ഡില്‍ വിക്കറ്റ് മഴ; 58 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ട്; രണ്ടക്കം കാണാതെ പുറത്തായത് ഒമ്പത് പേര്‍..!!

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ഓക്ക്‌ലന്‍ഡില്‍ ഇന്ന് ആരംഭിച്ച മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സില്‍ 58 റണ്‍സിന് പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 27/9 എന്ന നിലയിലായിരുന്ന അവരെ 33 റണ്‍സെടുത്ത ക്രെയിഗ് ഓവര്‍ട്ടണാണ് അന്‍പത് കടത്തിയത്. ആതിഥേയര്‍ക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട് ആറും, ടിം സൗത്തി നാലും വിക്കറ്റുകള്‍ വീഴ്ത്തി. വെറും 20.4 ഓവറുകളില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് അവസാനിച്ചു.

ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ടിന് തുടക്കത്തില്‍ത്തന്നെ പിഴച്ചു. 5 റണ്‍സെടുത്ത അലസ്റ്റര്‍ കുക്ക് പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 6 റണ്‍സ് മാത്രം. പിന്നീട് പവലിയനിലേക്ക് ഇംഗ്ലണ്ട് ബാറ്റ്‌സ്മാര്‍ നിരനിരയായി മടങ്ങി. 23/8 എന്ന നിലയിലേക്കും, അവിടുന്ന് 27/9 എന്ന നിലയിലേക്കും പതിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് നിലം പതിക്കേണ്ടതായിരുന്നു. എന്നാല്‍ ഒമ്പതാമനായി ബാറ്റ് ചെയ്യാനെത്തിയ ക്രെയിഗ് ഓവര്‍ടണിന്റെ ഇന്നിംഗ്‌സ് ഇംഗ്ലണ്ട് സ്‌കോറിനെ 50 കടത്തുകയായിരുന്നു.

ഒമ്പത് ബാറ്റ്‌സ്മാന്മാരാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ രണ്ടക്കം കാണാതെ പുറത്തായത്. ഇതില്‍ 4 പേര്‍ സംപൂജ്യരായി മടങ്ങി. 10.4 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങിയാണ് ബോള്‍ട്ടിന്റെ 6 വിക്കറ്റ് നേട്ടം. ടിം സൗത്തി 10 ഓവറുകളില്‍ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. അതേ സമയം മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് 21/1 എന്ന നിലയിലാണ്. 14 റണ്‍സെടുത്ത ടോം ലാഥവും, 4 റണ്‍സുമായി കെയിന്‍ വില്ല്യംസണുമാണ് ക്രീസിലുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*