കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളിതാരം ഗാംഗുലിയുടെ കൊല്‍ക്കത്ത ടീമിലേക്ക്…!!

അടുത്ത ഐഎസ്എല്ലില്‍ മലയാളി താരം സി.കെ. വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും താരവുമായി ഇതുസംബന്ധിച്ച് പരസ്പര ധാരണയില്‍ എത്തിയതായി കഴിഞ്ഞദിവസം ഗോള്‍ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത സീസണില്‍ വിനീത് കൊല്‍ക്കത്ത് ടീമിനൊപ്പമായിരിക്കുമെന്നാണ് സൂചനകള്‍.

വിനീതും സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള എടികെ കൊല്‍ക്കത്തയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീതിനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്തയ്ക്ക് അതിയായ താല്പര്യമുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. ഉടന്‍ തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കും.

ഈ സീസണില്‍ ഏറെ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ വിനീതിന് മികവ് പുറത്തെടുക്കാനായില്ല. ചില നിര്‍ണായക ഗോളുകള്‍ നേടിയിരുന്നെങ്കിലും തന്റെ പഴയ നിലവാരം കാത്തു സൂക്ഷിക്കാന്‍ സാധിച്ചുമില്ല. ഡേവിഡ് ജെയിംസ് ടീമിന്റെ പരിശീലകനായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പുവച്ചതോടെ പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. നിലവില്‍ ടീമിലുണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും അടുത്ത സീസണില്‍ ക്യാമ്പില്‍ ഉണ്ടാകില്ല.

സൂപ്പര്‍ കപ്പ് കഴിയുന്നതോടെ അടുത്ത സീസണിലേക്കുള്ള കൂടുതല്‍ താരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് ഒപ്പുവയ്ക്കും. ജെംഷഡ്പൂര്‍ എഫ്‌സിയുടെ മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ടീമിലെത്തിക്കാനും ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ താരങ്ങളെ കൊണ്ടുവരാനാണ് മാനേജ്‌മെന്റിന് താല്പര്യം. ഒപ്പം മികച്ച മലയാളി താരങ്ങളെയും ടീമിലെത്തിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*