ജയലളിതയുടെ മരണം : ആ ദിവസങ്ങളില്‍ സിസിടിവി ഓഫ് ചെയ്തിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും…

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയവെ സിസിടിവികളെല്ലാം ഓഫ് ചെയ്തിരുന്നതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി. 75 ദിവസമാണ് അപ്പോളോയില്‍ ജയലളിത ചികിത്സയിലുണ്ടായിരുന്നത്.

ഈ കാലയളവില്‍ സിസിടിവികള്‍ ഓഫ് ചെയ്യപ്പെട്ടിരുന്നു. 24 കിടക്കകളുള്ള ഐസിയുവില്‍ ജയലളിത മാത്രമാണ് ഉണ്ടായിരുന്നത്. ജയയെ പ്രവേശിപ്പിച്ചതോടെ സിസിടിവികള്‍ ഓഫ് ചെയ്തു. ഐസിയുവിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റു രോഗികളെ വേറൊരു ഐസിയുവിലേക്ക് മാറ്റി.

അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ജയയെ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്. ഡ്യൂട്ടി ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്താന്‍ പരമാവധി ആശുപത്രി പ്രയത്‌നിച്ചിട്ടുണ്ട്.

പക്ഷേ നിര്‍ഭാഗ്യവശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുവെന്നും പ്രതാപ് റെഡ്ഡി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ കമ്മീഷന് കൈമാറാത്തത് എന്തെന്ന ചോദ്യത്തിനായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

ഇതുസംബന്ധിച്ച് എല്ലാ രേഖകളും ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അറുമുഖം കമ്മീഷന് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016 സെപ്റ്റംബര്‍ 22 ന് ജയലളിത കുളിമുറിയില്‍ കുഴഞ്ഞുവീണിരുന്നതായും പക്ഷേ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചെന്നും ശശികല സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു.

എഐഎഡിഎംകെ നേതാക്കളായ പനീര്‍ശെല്‍വം, തമ്പിദുരൈ എന്നിവര്‍ ആശുപത്രിയില്‍ ജയയെ സന്ദര്‍ശിച്ചതായും ശശികല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപ്പോളോ ചെയര്‍മാന്റെ വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.

 

 

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*