ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ഗുര്‍പ്രീത് സന്ധുവിന്..!!

ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കരാറുമായി ബെംഗളൂരു എഫ്‌സി. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവുമായി അഞ്ചുവര്‍ഷത്തെ കരാറിലാണ് ക്ലബ് ഒപ്പിട്ടത്. പുതിയ കരാറോടെ 2023 വരെ സന്ധു ബെംഗളുരുവിന്റെ വല കാക്കും. കളിക്കാരെ ദീര്‍ഘകാലം ടീമിനൊപ്പം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ബെംഗളൂരു ഇത്തരത്തിലൊരു കരാര്‍ നല്കിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ നിരവധി ഐഎസ്എല്‍ ക്ലബുകള്‍ സന്ധുവിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു.

മറ്റു ക്ലബുകള്‍ മൂന്നു വര്‍ഷത്തില്‍ കൂടുതലുള്ള കരാറില്‍ ഒപ്പിടാന്‍ മടിക്കുമ്പോഴാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് അഞ്ചുവര്‍ഷത്തേക്ക് താരത്തെ സ്വന്തമാക്കിയത്. ഗുര്‍പ്രീത് ഈ സീസണില്‍ ഉഗ്രന്‍ ഫോമിലാണ്. സസ്‌പെന്‍ഷന്‍ മൂലം പുറത്തിരുന്ന സമയമൊഴികെ ബെംഗളൂരുവിന്റെ വലകാത്തത് ഈ 26 കാരനാണ്. 31 വയസു വരെ സന്ധുവിന് ഇനി ക്ലബില്‍ തുടരാം. നോര്‍വീജിയന്‍ ക്ലബിനായി കളിച്ചതിന്റെ അനുഭവസമ്പത്തുമായിട്ടാണ് സന്ധു ഈ സീസണിന്റെ തുടക്കത്തില്‍ ബെംഗളൂരുവില്‍ എത്തുന്നത്. ക്ലബിനുവേണ്ടി മികച്ച പ്രകടനം നടത്തുന്നവരെ കൈവിടില്ലെന്ന് സന്ദേശമാണ് ഇതുവഴി മാനേജ്‌മെന്റ് താരങ്ങള്‍ക്ക് നല്‍കുന്നത്.

ദീര്‍ഘകാല കരാറില്‍ ഒപ്പിടാനായത് ബഹുമതിയായി കണക്കാക്കുന്നുവെന്ന് സന്ധു പറഞ്ഞു. ഈ ടീമിനെയും ആരാധകരെയും ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും അദേഹം പറഞ്ഞു. ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് സന്ധുവിന് ക്ലബ് നല്കുന്നതെന്നാണ് സൂചന. കരാര്‍ തുക സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും കോടികളാകും ലഭിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*