ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവെപ്പ്; മുന്നറിയിപ്പുമായി ബിസിസിഐ..!!

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ വാതുവെയ്പ്പിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ഉദ്ഘാടന ചടങ്ങുകളും മത്സരവും ഒരു ദിവസമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനിരുദ്ധ് ഛൗധരി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങു കഴിഞ്ഞ് മത്സരം തുടങ്ങുന്നതിനുള്ള 90 മിനുട്ട് ഇടവേളയില്‍ കളിക്കാരുമായോ ടീം അധികൃതരുമായോ വാതുവെയ്പ്പിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഏപ്രില്‍ ഏഴിന് വാങ്കടെ സ്‌റ്റേഡിയത്തില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടന മത്സരം. ഷെഡ്യൂള്‍ അനുസരിച്ച് വൈകുന്നേരം 7.15നാണ് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ത്തിയാവുക. 7.30 ഓടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ഉപയോഗിച്ച സ്‌റ്റേജും മറ്റു സാമഗ്രികളും നീക്കം ചെയ്യേണ്ടതുണ്ട്. 7.15 ഓടെ തന്നെ താരങ്ങള്‍ മത്സരത്തിനുള്ള ഒരുക്കത്തിനായി ഗ്രൗണ്ടിലെത്തുകയും ചെയ്യും. ഈ സമയത്ത് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന വേദിയും മറ്റും നീക്കം ചെയ്യാനെത്തുന്നവര്‍ കളിക്കാരുമായി ബന്ധപ്പെടുമെന്നും ഇത് വാതുവെയ്പ്പിന് അവസരമുണ്ടാവുകയും ചെയ്യുമെന്നാണ് ബിസിസിഐയുടെ ആശങ്ക.

ഇക്കാര്യത്തില്‍ ടീമുകളും മാനേജ്‌മെന്റും കര്‍ശന നിലപാടെടുക്കണമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ഇത്തരം അവസരങ്ങള്‍ വാതുവെയ്പ്പുകാര്‍ക്ക് നല്‍കാതിരിക്കാനുളള മുന്‍കരുതലെടുക്കണമെന്ന് ക്രിക്കറ്റ് ഭരണ സമിതിയെ അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*