ലൗ ജിഹാദ് ചര്‍ച്ചകളിലൂടെ കേരളത്തെ ചൂടുപിടിപ്പിച്ച ഷെഫിന്‍-ഹാദിയ കേസും ചരിത്രത്തിലേക്ക്..!!

കേരളത്തെ ചൂടുപിടിപ്പിച്ച ഹാദിയ കേസ് ഇന്നലത്തോടെ സുപ്രീം കോടതി അവസാനിപ്പിച്ചതോടെ കേസില്‍ എന്‍ഐഎയും അന്വേഷണം നിര്‍ത്തിയേക്കും. ഷെഫിനും ഹാദിയയും തമ്മിലുള്ള വിവാഹം നിയമപരമാണെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ കുറ്റകരമായ കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അന്വേഷണം തുടരാമെന്നാണു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്.

എന്നാല്‍, എന്‍ഐഎയ്ക്ക് അന്വേഷിക്കാവുന്ന തരം കുറ്റങ്ങളല്ല രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളതെന്നാണ് ന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വാദമധ്യേ സൂചിപ്പിച്ചത്. മറ്റ് കുറ്റകൃത്യങ്ങളെന്തെങ്കലും ഉണ്ടെങ്കില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്ന് പറഞ്ഞ കോടതി ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തേ കുറിച്ച്‌ അന്വേഷണം വേണ്ടെന്ന് വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

ഇനി അന്വേഷണത്തിലൂടെ എന്‍ഐഎയ്ക്ക് മറ്റെന്തെങ്കിലും കുറ്റങ്ങളുടെ കണ്ടെത്തലുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കാനാവും. അല്ലെങ്കില്‍, കേസ് അവസാനിപ്പിക്കുന്നതു സംബന്ധിച്ചു കൊച്ചി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാം. ഹാദിയയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു എന്‍ഐഎ അന്വേഷണമാരംഭിച്ചത്. ഐപിസി 153, ഐപിസി 295, ഐപിസി 107 എന്നി എഫ്‌ഐആര്‍ വകുപ്പുകള്‍ പ്രകാരമാണ് അന്വേഷണം നടത്തിയും കേസ് എടുത്തതും.

മകളെ നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിയതായും സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതുമായി ആരോപിച്ച്‌ ഹാദിയയുടെ പിതാവ് അശോകനാണ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പിന്നീട് കേരളത്തില്‍ കോലിളക്കം സൃഷ്ടിച്ച ഈ കേസ് ഇന്ത്യ മുഴുവന്‍ ഉറ്റു നോക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച്‌ മതപരിവര്‍ത്തനം നടത്തിച്ചതായി അശോകന്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും തന്നെ ആരും നിര്‍ബന്ധിച്ച്‌ മത പരിവര്‍ത്തനം ചെയ്യിച്ചതല്ലെന്നും ഹാദിയ കോടതിയില്‍ നിലപാടെടുക്കുകയും അച്ഛനെ തള്ളി പറയുകയും ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*