എന്റെ മകളെ കൊലപ്പെടുത്തിയവരും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം, കൊള്ളിക്കുന്ന ചോദ്യവുമായി നിര്‍ഭയയുടെ അമ്മ..!!

എന്റെ മകളെ കൊല ചെയ്തവരും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് കർണാടക മുൻ ഡിജിപിയോട് ദില്ലിയില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി നിര്‍ഭയയുടെ അമ്മ. വനിതാ ദിനത്തിൽ നടത്തിയ പ്രസംഗത്തിനിടെ നിർഭയയുടെ അമ്മയുടേത് മികച്ച ശരീരപ്രകൃതിയാണെന്നും അപ്പോൾ നിർഭയുടെ സൗന്ദര്യത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉളളൂവെന്ന് കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സങ്ക്‍ലിയാനയുടെ പരാമര്‍ശം വന്‍ വിവാദം ആയിരുന്നു.

ഒരു ഹിന്ദി പത്രത്തിലാണ് നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം. പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികരിക്കാന്‍ ശ്രമിക്കുന്നത് അക്രമികളെ പ്രകോപിപ്പിക്കുമെന്നും പകരം കീഴടങ്ങുന്നതാണ് നല്ലതെന്നും എച്ച് ടി സങ്ക്ലിയാനയുടെ പരാമര്‍ശം ഉണ്ടായിരുന്നു. ഇതിനോട് രൂക്ഷമായാണ് ആശാ ദേവി പ്രതികരിക്കുന്നത്. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണ്. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ പട്ടാളക്കാരോടും പറയുമോ? അതിര്‍ത്തിയില്‍ രാവും പകലും കാവല്‍ നില്‍ക്കുന്ന അവരോട് ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ആയുധങ്ങള്‍ കളഞ്ഞു കീഴടങ്ങാനും ജീവന്‍ രക്ഷിക്കാനുമാണോ പറയേണ്ടത്? എന്നും നിര്‍ഭയയുടെ അമ്മ ആശാദേവി കത്തില്‍ ചോദിക്കുന്നു.

മകള്‍ ചെറുത്തു നില്‍ക്കാന്‍ നടത്തിയ ധീരമായ ശ്രമങ്ങളെ അപമാനിക്കുക മാത്രമല്ല രോഗാതുരമായ പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയെ വെളിവാക്കുക കൂടിയാണ് ചെയ്തത്. എന്റെ മകളെ ആക്രമിച്ചവരും ഇതേ മാനസികാവസ്ഥയാണ് കാണിച്ചത്. അവള്‍ തിരിച്ചടിക്കുന്നു എന്നത് അവര്‍ക്ക് സഹിക്കാനായില്ല. സമൂഹത്തിന്റെ രക്ഷകരെന്നു പറയപ്പെടുന്ന നിങ്ങളെപ്പോലുള്ളവരും കുറ്റവാളികളും ഒരേ ചിന്താഗതി പുലര്‍ത്തുന്നുവെന്നതു തികഞ്ഞ നാണക്കേടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*