കോണ്‍ഗ്രസ്സിന്റെ ഐടി ഹെഡ് രമ്യയുടെ അമ്മ രാഹുലിന് തലവേദനയാകുന്നു..!!

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം മേധാവിയും നടിയുമായ രമ്യയുടെ അമ്മ രഞ്ജിത രംഗത്തെത്തി.തനിക്ക് മാണ്ഡ്യ സീറ്റും മകള്‍ രമ്യയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പദവിയും ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് രമ്യയെന്നപേരില്‍ സിനിമാ രംഗത്ത് അറിയപ്പെടുന്ന ദിവ്യസ്പന്ദനയുടെ അമ്മ വ്യക്തമാക്കിയിട്ടുള്ളത്. മാണ്ഡ്യയില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടുചെയ്തു.

ടിക്കറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിച്ച് ഭാഗ്യപരീക്ഷണം നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 28 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും തിരിച്ചുകിട്ടാത്തതില്‍ താന്‍ നിരാശയാണെന്നാണ് രഞ്ജിത പറയുന്നത്. എ.ഐ.സി.സി സമൂഹ മാധ്യമ വിഭാഗത്തെ നയിക്കുന്നത് രമ്യയാണെന്നത് ശരിതന്നെ. എന്നാല്‍ മാണ്ഡ്യയിലെ ജനങ്ങള്‍ക്ക് അത് അറിയില്ലല്ലോ ? പാര്‍ട്ടിയില്‍ അര്‍ഹമായ പദവി ലഭിച്ചാല്‍ മാത്രമെ തന്റെ മകളെ ജനം അറിയൂ. അപ്പോള്‍ മാത്രമെ മാണ്ഡ്യയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മകള്‍ക്ക് കഴിയൂ. കൂടുതല്‍ പ്രാധാന്യമുള്ള പദവിക്ക് അവള്‍ അര്‍ഹയാണ് – രഞ്ജിത പറഞ്ഞു.

എന്നാല്‍ അമ്മയുടെ നിലപാടിനെക്കുറിച്ച് പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ല. മാണ്ഡ്യ സീറ്റ് താന്‍ നോട്ടമിടുന്നുവെന്ന അഭ്യൂഹങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് അവര്‍ പറഞ്ഞു. രഞ്ജിതയുടെ ആവശ്യത്തിന്മേല്‍ തീരുമാനം രാഹുല്‍ഗാന്ധി എടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*