ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത; ആ സൂപ്പര്‍താരം തിരിച്ചെത്തുന്നു..!!

ഏപ്രില്‍ ആദ്യ വാരം സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനു വമ്പന്‍ സന്തോഷ വാര്‍ത്തയായി ഉഗാണ്ടന്‍ സൂപ്പര്‍ താരം കെസിറോണ്‍ കിസിറ്റോ ടീമിനൊപ്പം ചേര്‍ന്നു. താരം പരിശീലനത്തിനായി ടീമിനൊപ്പം പങ്കെടുക്കുന്ന ചിത്രങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടത്. ഐഎസ്എല്ലില്‍ വന്നതിനു ശേഷം ഏതാനും മത്സരങ്ങള്‍ കളിച്ച ശേഷം പരിക്കു പറ്റിയ താരം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത് കിസിറ്റോ ടീമിനൊപ്പം ചേര്‍ന്നപ്പോഴായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത താരം ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിനു വഴി തുറന്ന മനോഹരമായ പാസും നല്‍കിയിരുന്നു. തുടര്‍ന്ന് മൂന്നു മത്സരങ്ങള്‍ കൂടി കളിച്ച താരം തോളിനേറ്റ പരിക്കു മൂലമാണ് കളത്തിനു പുറത്തായത്. സൂപ്പര്‍ കപ്പും താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും താരം തിരിച്ചെത്തിയത് ആരാധകര്‍ക്ക് ഇരട്ടി ആവേശമായി.

കിസിറ്റോക്കു പകരം ടീമിലെത്തിയ പുള്‍ഗയും ടീമിനൊപ്പമുണ്ട്. നേരത്തേ ലോണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാനെത്തിയ ഐസ്ലന്റ് താരം ഗുഡ്‌ഹോണും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബെര്‍ബറ്റോവും ടീം വിട്ടെങ്കിലും കിസിറ്റോയുടെ വരവ് ബ്ലാസ്റ്റേഴ്‌സിന് ശക്തി പകരും. വെസ് ബ്രൗണ്‍, നെമാഞ്ച പെസിച്ച്, വിക്ടര്‍ പുള്‍ഗ, റിനോ ആന്റോ, ലാല്‍റുവത്താര, ദീപേന്ദ്ര നേഗി തുടങ്ങിയ താരങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ട ഫോട്ടോയിലുണ്ട്. സികെ വിനീത് അടുത്ത ദിവസം തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ തളരാത്ത പോരാളിയായ കറേജ് പെകൂസന്‍ ടീമിനൊപ്പമില്ലാത്തത് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍ ആറിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം. പരിശീലനം വീക്ഷിക്കാന്‍ ഡേവിഡ് ജയിംസിനൊപ്പം സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും എത്തിയിരുന്നു. പരിക്കു പൂര്‍ണമായും ഭേദമാകാത്ത ഹ്യൂം അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*