അനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്..!!

ജംഷദ്പൂര്‍ എഫ് സി യുടെ മലയാളി താരം അനസ് എടത്തൊടികയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. അടുത്ത സീസണ്‍ മുതലാകും താരം ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങുക. ഈയാഴ്ച തുടങ്ങുന്ന സൂപ്പര്‍ കപ്പിന് ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരും.

 2007 ല്‍ മുംബൈ എഫ് സി യിലൂടെ സീനിയര്‍ കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പൂനെ എഫ് സി യുടെ താരമായിരുന്നു. 2015 ലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡെല്‍ഹി ഡൈനാമോസിലെത്തിയതോടെയാണ് താരം പ്രശസ്തനാകുന്നത്. ഡെല്‍ഹിക്ക് വേണ്ടി ആ വര്‍ഷം മിന്നുന്ന പ്രകടനം കാഴ്ച വെച്ച അനസ്, പരിശീലകന്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ പ്രിയപ്പെട്ട താരമാകുകയും ചെയ്തു.

കഴിഞ്ഞ സീസണിലും താരം കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റീവ് കോപ്പല്‍ പരിശീലകനായിട്ടുള്ള ജംഷദ്പൂര്‍ എഫ്‌സി താരത്തെ സ്വന്തമാക്കുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ അധികം മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞതുമില്ല.

അനസ് കൂടി എത്തുന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംഘമായി മാറും. നേരത്തെ ടീമിലെ യുവപ്രതിരോധതാരമായ ലാല്‍ റുവാത്താരയെ ടീം നിലനിര്‍ത്തിയിരുന്നു. അത് കൊണ്ടു തന്നെ റുവാത്താര – ജിങ്കന്‍ – അനസ് ത്രയമാകും അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട കെട്ടുക. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സെന്റര്‍ ബാക്കുകളിലൊന്നായ അനസ് ദേശീയ ടീമിന് വേണ്ടി ഒമ്പത് മത്സരങ്ങളിലും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*