Breaking News

കോഹ്‌ലിയെ പൂജ്യത്തിനു പുറത്താക്കിയ റബാഡ ഉറക്കെ അലറിക്കൊണ്ട്‌ വെല്ലുവിളിയോടെ എന്തൊക്കെയോ പറഞ്ഞു, പക്ഷെ പിന്നീട്‌ സംഭവിച്ചത്‌!

ഇന്ത്യൻ ക്യാപ്റ്റൻ്റെ എം.ആർ.എഫ് ബാറ്റ് ആതിഥേയരെ അത്രയേറെ വേട്ടയാടിയിരുന്നു.അയാളെ വീഴ്ത്താതെ ടീം ഇന്ത്യയെ തോൽപ്പിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല.ടെസ്റ്റ് അരങ്ങേറ്റത്തിൽ എങ്കിടി നേടിയ വിരാടിൻ്റെ വിക്കറ്റാണ് ആ സീരീസിൻ്റെ ഗതി തന്നെ നിർണ്ണയിച്ചത്.കളർ ജഴ്സിയിലെ കന്നിയങ്കത്തിലും ലുങ്കിടിയ്ക്ക് ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞാൽ !? ദക്ഷിണാഫ്രിക്കൻ ജനത എങ്കിടിയിൽ ഒരു രക്ഷകനെ സ്വപ്നം കാണുകയായിരുന്നു.വർഷങ്ങളായി ഗ്രീൻ ആർമിയുടെ വിശ്വസ്തനായ മോർനെ മോർക്കലിനെ പുറത്തിരുത്തി എങ്കിടിയെ കളിപ്പിച്ച ടീം മാനേജ്മെൻ്റും യുവതാരത്തിൽ ഏറെ പ്രതീക്ഷകളർപ്പിച്ചിരുന്നു.

തോറ്റ് പിന്മാറാനില്ലെന്ന് താരരാജാവ് ദിലീപ്; പോലീസിനെ അടിയറവ് പറയിക്കാന്‍ പുതിയ നീക്കവുമായി താരം…

പക്ഷേ മുറിവേറ്റ മനസ്സുമായി മറ്റൊരാൾ ഒരു കോണിൽ നിൽക്കുന്നുണ്ടായിരുന്നു.ആ കളിക്കാരൻ്റെ പേര് കഗീസോ റബാഡ.ദക്ഷിണാഫ്രിക്കയുടെ പുതിയ ബൗളിങ്ങ് വിസ്മയം.കഴിഞ്ഞ മത്സരത്തിൽ വിരാട് പായിച്ച ആ സിക്സർ…! ആ ഷോട്ട് റബാഡയുടെ മനസ്സിൽക്കിടന്ന് നീറുകയായിരുന്നു ! കണക്കുകൾ തീർക്കാനുറച്ചാണ് റബാഡ ബൂട്ടുകെട്ടിയത്. എങ്കിടിയ്ക്ക് സ്കൂൾ തലം മുതൽ റബാഡയെ അറിയാം. ഒരു നിമിഷം എങ്കിടി തൻ്റെ ബാല്യകാലസുഹൃത്തിൻ്റെ മുഖത്തേക്ക് നോക്കി. അവിടെ വിരാടിനെ പുറത്താക്കുമെന്ന നിശ്ചയദാർഢ്യമായിരുന്നു.

രോഹിത് ശർമ്മ പുറത്തായപ്പോൾ ടീം ഇന്ത്യയുടെ കപ്പിത്താൻ പോർക്കളത്തിലെത്തി. രൗദ്രഭാവത്തോടെ റബാഡ ഒാടിയടുത്തു. വെടിയുണ്ട പോലൊരു പന്ത് ! സ്പീഡ് ഗൺ മന്ത്രിച്ചു-മണിക്കൂറിൽ 147 കിലോമീറ്റർ വേഗത ! വിരാടിൻ്റെ പാഡിലാണ് അത് ചെന്നുകൊണ്ടത്. ശക്തമായ എൽ.ബി.ഡബ്ല്യൂ അപ്പീൽ. ഇയൻ ഗൂൾഡിൻ്റെ വിരൽ ഉയർന്നു. വിരാട് കോഹ്ലി പുറത്ത് ! അതും ഒറ്റ റൺ പോലും സ്കോർ ചെയ്യാതെ.

പ്രതികാരം പൂർത്തിയായ സന്തോഷത്തിൽ റബാഡ ഉറക്കെ അലറി. വിരാടിനോട് ചിലതെല്ലാം പറയുകയും ചെയ്തു. അയാൾ അപ്പോൾ നിസ്സംഗനായിരുന്നു. പങ്കാളിയായ ശിഖർ ധവാനുമായി ആലോചിച്ചതിനു ശേഷം വിരാട് ഡി.ആർ.എസ്സിൻ്റെ സഹായം തേടി. അൾട്രാ എഡ്ജിൽ ഒരു സ്പൈക് ദൃശ്യമായി. ഇൻസൈഡ് എഡ്ജ് എന്ന് ടെക്നോളജി സൂചിപ്പിക്കുന്നു ! വിരാടിന് പുതുജീവൻ ! നിരാശയോടെ തലയാട്ടിക്കൊണ്ട് ഗൂൾഡ് തൻ്റെ തീരുമാനം പിൻവലിച്ചു. വിരാടിൻ്റെ കണ്ണുകൾ റബാഡയിൽ ഉടക്കി. ചില വാക്കുകൾ കൈമാറ്റം ചെയ്യപ്പെട്ടു. വമ്പൻ അങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞിരുന്നു.

ഇത്തരം സംഭവവികാസങ്ങൾ റബാഡയുടെ ഏകാഗ്രതയെ ബാധിച്ചിട്ടുണ്ടാവാം.അതിനുശേഷം അയാളിൽ നിന്ന് പുറത്തുവന്നത് ലെഗ്സ്റ്റംമ്പ് ലൈനിലുള്ള ഒരു ഡെലിവെറിയാണ്.അക്കൗണ്ട് തുറന്നിട്ടില്ലാത്ത വിരാടിന് ഒരിക്കലും നൽകാൻ പാടില്ലാത്ത അവസരം. ആ സത്യം റബാഡ തിരിച്ചറിഞ്ഞപ്പോഴേക്കും പന്ത് ഫൈൻലെഗ് ഫെൻസ് കടന്നിരുന്നു.  വർദ്ധിതവീര്യവുമായി റബാഡ വീണ്ടും മുന്നോട്ടു കുതിച്ചു. ഇത്തവണ ഒരു ബൗൺസർ.വിരാട് ചങ്കൂറ്റത്തോടെ അതിനെ പുൾ ചെയ്തു. പന്ത് മിഡ്-വിക്കറ്റ് ബൗണ്ടറിയിൽ.

അടുത്ത ഊഴം എങ്കിടിയുടേതായിരുന്നു. ഒരു നാഷണൽ ഹീറോ പട്ടം ഒറ്റ വിക്കറ്റ് അകലെയാണ് എന്ന തിരിച്ചറിവോടെ അയാൾ പന്തെറിഞ്ഞു. പ്രതികരണം ക്രൂരമായിരുന്നു. ഫ്ലിക്കും കവർഡ്രൈവും വിരാടിൽ നിന്ന് ജന്മമെടുത്തു.മുന്നിൽ നിന്ന് നയിക്കാനുറച്ചു തന്നെയായിരുന്നു അയാളുടെ നില്പ്.

ശിഖർ ധവാൻ മറ്റേയറ്റത്ത് കുലംകുത്തിയൊഴുകുമ്പോൾ രണ്ടാമനായി ഒതുങ്ങിക്കൂടാൻ വിരാടിന് ഒരു വൈമനസ്യവും ഇല്ലായിരുന്നു. പക്ഷേ ശിഖർ മിഡ്-വിക്കറ്റിൽ പിടി നൽകിയ ആ നിമിഷം മുതൽക്ക് വിരാട് സൈന്യത്തിൻ്റെ മുൻവശത്തായി.തന്നെ പിന്തുണയ്ക്കാൻ ആരെങ്കിലും ഉണ്ടാവുമെന്ന് അയാൾ കരുതി.പക്ഷേ മറ്റേയറ്റത്ത് യോദ്ധാക്കൾ മാറിക്കൊണ്ടേയിരുന്നു. കെയ്പ്ടൗൺ ചുട്ടുപഴുത്തിരിക്കുകയായിരുന്നു.ഏതൊരാളുടെയും ശാരീരികക്ഷമതയെ പരീക്ഷിക്കുന്ന സാഹചര്യങ്ങൾ.ഒന്നിനും വിരാടിനെ തളർത്താനായില്ല.

വരണ്ട പിച്ചാണ് ക്യൂറേറ്റർ വെച്ചുനീട്ടിയത്.പന്ത് ടേൺ ചെയ്തിരുന്നു.പക്ഷേ വിരാടിൻ്റെ സ്പിന്നിനെതിരെയുള്ള ഡോട്ട്ബോൾ ശതമാനം തുലോം കുറവായിരുന്നു.ഒാരോ ബൗളർക്കെതിരെയും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു അയാൾക്ക്.ഇമ്രാൻ താഹിർ എന്ന ഫ്രണ്ട് ലൈൻ സ്പിന്നറെയും ഡുമിനിയെന്ന പാർട്ട് ടൈമറെയും അയാൾ നേരിട്ടത് ഒരേ പാദചലനങ്ങളിലൂടെയായിരുന്നില്ല.  സെഞ്ച്വറി തികച്ചപ്പോൾ കാര്യമായ ആഹ്ലാദപ്രകടനമൊന്നും വിരാടിൽ കണ്ടില്ല.അയാളെ സംബന്ധിച്ചിടത്തോളം ടീമിൻ്റെ ടോട്ടലായിരുന്നു പ്രധാനം.ഗാലറിയിൽ നിന്ന് രവി ശാസ്ത്രി അയച്ച സന്ദേശവും അതുതന്നെ-”ബാറ്റിങ്ങ് തുടരുക.

സെഞ്ച്വറി തികച്ച അതേ ഒാവറിൽ വിരാട് കൗ കോർണറിലൂടെ നേടിയ ആ ബൗണ്ടറി…സർക്കിളിനുള്ളിലെ രണ്ടു ഫീൽഡർമാരെയും ബൗണ്ടറി റൈഡേഴ്സിനെയും തോൽപ്പിച്ചാണ് അത് ലക്ഷ്യം കണ്ടത്.അത്ഭുതം തോന്നി.എങ്ങനെയാണ് അയാൾ ഇപ്രകാരം ബൗണ്ടറികൾ കണ്ടെത്തുന്നത്.  ഏറ്റവും വലിയ ആകർഷണീയത വിരാട് കളിച്ച അപകടരഹിതമായ ക്രിക്കറ്റായിരുന്നു.ടീമിന് ഒരു വലിയ സ്കോർ ലഭിക്കണമെങ്കിൽ വിരാട് അവസാനം വരെ നിൽക്കണമായിരുന്നു.ഇത് മനസ്സിലാക്കിയ നായകൻ റിസ്കുകൾ എടുക്കാതെ തന്നെ മികച്ച റൺറേറ്റ് നിലനിർത്തി.ലോഫ്റ്റഡ് ഷോട്ടുകൾക്കുപോലുമുണ്ടായിരുന്നു വല്ലാത്തൊരു സുരക്ഷിതത്വം.

ചെറിയ മിസ്ഫീൽഡുകൾ പോലും വിരാട് റണ്ണുകളാക്കി മാറ്റി.”Never run off a misfield ” എന്ന് കുട്ടികളെ പഠിപ്പിക്കുന്ന പരിശീലകർ ഇനിമുതൽ രണ്ടുവട്ടം ചിന്തിച്ചേക്കാം !സെഞ്ച്വറി തികച്ചതിനുശേഷം വിരാട് ടീം ഫിസിയോയെ വിളിച്ചുവരുത്തുന്നത് കണ്ടു.അയാൾ അവശനായിരുന്നു.പക്ഷേ അവസാനം വരെ നിലകൊണ്ടു.

കളിയുടെ അമ്പതാം ഒാവറിൽ അവർ വീണ്ടും കണ്ടുമുട്ടി-വിരാടും റബാഡയും ! കെൽവിൻ ഗ്രോവ് എൻഡിൽനിന്ന് പാഞ്ഞെത്തിയ ഫാസ്റ്റ് ബൗളറുടെ മനസ്സ് വിരാട് കൃത്യമായി വായിച്ചിരുന്നു.ക്രീസിൻ്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അയാൾ പുള്ളിന് തയ്യാറെടുത്തു.പ്രതീക്ഷിച്ചതുപോലെ ഷോർട്ട്ബോളാണ് വന്നത്.വിരാട് അത് കാണികൾക്കിടയിൽ നിക്ഷേപിച്ചു !റബാഡയുടെ അടുത്ത പന്തിന് ഏതാനും മൈൽ വേഗം കൂടുതലായിരുന്നു.അത് ബൗളറുടെ തൊട്ടടുത്തുകൂടി വേലിക്കെട്ടിലേക്ക് പറന്നു.

വിരലിൻ്റെ വേദനയെ മറികടക്കാൻ റബാഡ സ്പ്രേ ഉപയോഗിക്കുന്നത് കണ്ടിരുന്നു.പക്ഷേ ഇന്ത്യയുടെ വീരനായകൻ, റബാഡയുടെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന ഭീമമായ മുറിവുകളെ ഉണക്കാൻ ഏതു വേദനസംഹാരിയ്ക്ക് കഴിയും.  ഇതൊരു പെർഫെക്റ്റ് ഇന്നിംഗ്സൊന്നുമായിരുന്നില്ല.ഇൻസൈഡ് എഡ്ജായും ലീഡിങ്ങ് എഡ്ജായും മിസ്ടൈംഡ് പുള്ളായും പിഴവുകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു.പക്ഷേ ധീരൻമാരെയാണ് ഭാഗ്യം കടാക്ഷിക്കുക എന്ന വസ്തുത ദക്ഷിണാഫ്രിക്ക അംഗീകരിക്കും.അതുകൊണ്ടാണല്ലോ ഇന്നിംഗ്സ് പൂർത്തിയാക്കി അജയ്യനായി മടങ്ങുന്ന വിരാടിനെ അഭിനന്ദിക്കാൻ അവർ മത്സരിച്ചതും.

 18 വർഷങ്ങൾക്കുമുമ്പ് കിവീസിനെതിരെ ദക്ഷിണാഫ്രിക്ക ഈ മൈതാനത്തിൽ 257 റണ്ണുകൾ വിജയകരമായി പിന്തുടർന്നിരുന്നു.ന്യൂലാൻ്റ്സിലെ ഉയർന്ന സക്സസ്ഫുൾ ചെയ്സ് അതായിരുന്നു.ഇന്ത്യ അതിനേക്കാൾ 46 റണ്ണുകൾ കൂടുതൽ നേടി.അതുകൊണ്ടുതന്നെ മത്സരഫലം ആരെയും അത്ഭുതപ്പെടുത്തിയില്ല.ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക ഇന്ത്യൻ റിസ്റ്റ് സ്പിന്നിനു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു.

സൗത്താഫ്രിക്കയ്ക്ക് 85% വിജയറെക്കോർഡുള്ള വേദിയിൽവെച്ച് ഇന്ത്യ ഏകദിനപരമ്പര തോൽക്കില്ലെന്ന് ഉറപ്പുവരുത്തിയിരിക്കുന്നു.അമാനുഷികനായി വിലയിരുത്തപ്പെടുന്ന എ.ബി ഡിവില്ലിയേഴ്സിൻ്റെ മടങ്ങിവരവിനു പോലും ഇന്ത്യയുടെ പരമ്പര വിജയത്തെ തടയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.ദക്ഷിണാഫ്രിക്കയിലെ ദുരിതപർവ്വം അവസാനിക്കുകയാണ്.ചരിത്രത്തെ വഴിമാറ്റാൻ വിരാട് അവതരിച്ചിരിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*