ജാനകി വധക്കേസ്: പ്രതികളെ കൂട്ടിലാക്കിയ ജില്ലയിലെ പോലീസിന് അഭിനന്ദന പ്രവാഹം..!

പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിനു പുറമെ പുലിയന്നൂര്‍ ജാനകി വധക്കേസിലും പ്രതികളെ പിടികൂടിയതോടെ കാസര്‍കോട് ജില്ലയിലെ പോലീസിന്റെ അഭിമാനം കുത്തനെ ഉയര്‍ന്നു. അതോടൊപ്പം പോലീസിന്റെ ആത്മവിശ്വാസവും ആത്മവീര്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയിലെ പോലീസ് നേതൃത്വത്തിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മിടുക്കും കഴിവുമാണ് തുടക്കത്തില്‍ യാതൊരു തുമ്ബും ഇല്ലാതിരുന്ന പ്രമാദമായ രണ്ട് കൊലക്കേസുകള്‍ തെളിയിക്കപ്പെടാന്‍ ഇടവരുത്തിയത്.

ജാനകി വധക്കേസിലെ പ്രതികളെ രണ്ടു മാസത്തിനു ശേഷമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞതെങ്കിലും സുബൈദ വധക്കേസിലെ പ്രതികളെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സാധിച്ചു. ഒരു വര്‍ഷം മുമ്ബ് കൊലചെയ്യപ്പെട്ട പനയാലിലെ ദേവകി വധക്കേസിലെ പ്രതികളെ മാത്രമാണ് ഇനി പിടികിട്ടാനുള്ളത്. ശാസ്ത്രീയ അന്വേഷണത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളിലെ പോലീസ് സംവിധാനത്തേക്കാള്‍ ഏറ്റവും മികച്ച സംവിധാനവും പാടവവും ആണ് കാസര്‍കോട് ജില്ലയിലെ പോലീസിനുള്ളതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ജാനകി വധക്കേസിലെ പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ കഴിയാതിരുന്നത് പോലീസിന് വലിയൊരു അഭിമാന പ്രശ്നമായിരുന്നു. അല്‍പം വൈകിയാണെങ്കിലും സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കൊലയാളികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. നാട്ടില്‍ നിലനിന്നിരുന്ന ആശങ്ക ദൂരീകരിക്കാനും ഇതോടെ പോലീസിന് സാധിച്ചു. ജാനകി വധക്കേസില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ സമരപരിപാടികള്‍ നടന്നുവരികയായിരുന്നു. ആ സമയത്തും ഘാതകര്‍ നിയമത്തിനു മുന്നില്‍ വരുമെന്ന സൂചനകളാണ് പോലീസ് നല്‍കിയത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുന്നതിനോടും പോലീസിന് താത്പര്യമുണ്ടായിരുന്നില്ല.

മതിയായ തെളിവുകള്‍ ശേഖരിക്കുന്നതു വരെയും പ്രതികളെ കുറിച്ച്‌ ചെറിയൊരു സൂചന പോലും നല്‍കാതെ പോലീസിന് മുന്നോട്ട് പോകാന്‍ സാധിച്ചു. അന്വേഷണത്തിലെ കൃത്യതയും ജാഗ്രതയും സൂക്ഷ്മതയുമാണ് പോലീസിന്റെ ഈ നീക്കങ്ങളില്‍ പ്രകടമായത്. ജാനകി വധക്കേസ് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അന്വേഷിച്ചിരുന്നത്. പോലീസ് ചരിത്രത്തിലെ ഏറ്റവും മികച്ച അന്വേഷണമാണ് ജാനകി വധക്കേസില്‍ ഉണ്ടായത്.

ഡിവൈഎസ്പി കെ. ദാമോദരനു പുറമെ കാസര്‍കോട് ഡിസിആര്‍ബി ഡിവൈഎസ്പി പ്രദീപ് കുമാര്‍, നീലേശ്വരം സിഐ വി. ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, ചീമേനി എസ് ഐ കെ.എന്‍ രമണന്‍, എസ്‌ഐമാരായ ഫിലിപ്പ് തോമസ്, വി സുരേന്ദ്രന്‍, ബാബു, നാരായണന്‍, ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിവാകരന്‍, ലക്ഷ്മി നാരായണന്‍, കെ. അബൂബക്കര്‍, രഘൂത്തമന്‍, ലക്ഷ്മണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, രഘു, ശിവകുമാര്‍, രമേശന്‍, രാജേഷ്, രജീഷ്, സുനില്‍ കുമാര്‍, കെ.വി ജിനേഷ്, ഓസ്റ്റില്‍ തമ്ബി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*