”ചേട്ടാ… ഒരു കുപ്പി റം വാങ്ങി തരുമോ???”വാങ്ങി കൊടുത്തിട്ട് അയാള്‍ പറഞ്ഞു അപ്പൊ കുട്ടി മറ്റതാണല്ലേ !! ബിവറെജില്‍ മദ്ധ്യം വാങ്ങാനെത്തിയ ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ ഉത്തരം മുട്ടി.!

ചേട്ടാ… ഒരു കുപ്പി റം വാങ്ങി തരുമോ???”ബീവറേജിന്റെ നീണ്ട വരിയിൽ അച്ചടക്കത്തോടെ തലയും താഴ്ത്തി നിൽക്കുമ്പോഴായിരുന്നു അരികിലൊരു പെൺകൊടിയുടെ ശബ്ദം ഉയർന്നത്…തലയുയർത്തി നോക്കുമ്പോൾ എനിക്ക് നേരെ ചുരുട്ടിപ്പിടിച്ച പണവുമായി എന്നെ നോക്കി കേഴുന്ന രണ്ടു പേടമാൻ മിഴികൾ.

സംഭവമെന്താന്നറിയാതെ ഞാൻ ചുറ്റിലും മിഴിച്ചു നോക്കുമ്പോൾ, എന്റെ കണ്ണുകളേക്കാൾ ആകാംക്ഷയേറിയ ഒരുപാടു കണ്ണുകൾ എന്നെയും അവളേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു….”കലികാലം…. പരസ്യമായി സ്ത്രീകളും കുടി തുടങ്ങി…”
ആരുടെയൊക്കെയോ പിറുപിറുക്കൽ എന്റെ കാതിലേക്കും നുഴഞ്ഞു കയറി…

”ഈ നീണ്ട വരിയിൽ എത്ര നേരമെന്നു വെച്ചാ ഞാൻ കാത്തു നില്ക്കാ, ചേട്ടനൊന്നു സഹായിച്ചാൽ…”
വളരെ മാന്യതയോടെ തന്നെയുള്ള അവളുടെ സംസാരത്തിൽ എതിർക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും പുറകിൽ നിന്നവരുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….”കള്ളുകുടിയിലും സമത്വമാകാമെങ്കിൽ ഈ കാര്യത്തിലുമാകാം… പോയി പുറകിൽ നിൽക്ക് പെണ്ണേ…”ഉയർന്നുപൊങ്ങിയ ഒരു കിളവന്റെ ആ വാക്കുകൾക്ക് കൂടെ നിന്നിരുന്നവർ പരിപൂർണ്ണ പിന്തുണയേകിയപ്പോൾ നിരാശയോടെ തല താഴ്ത്തി അവൾ പിൻതിരിഞ്ഞു നടന്നു….”എടോ…. ആ പൈസയിങ്ങു കൊണ്ടുവാ…”

വരിയിൽ നിന്നുകൊണ്ട് ഞാനവളെ തിരികേ വിളിക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ എനിക്കരികിലെത്തി അവൾ ആ പണം നീട്ടി….പുറകിൽ നിന്നിരുന്നവർ അതിനെതിരെ ആക്രോശങ്ങൾ മുഴക്കിയെങ്കിലും പിന്തിരിഞ്ഞു കണ്ണുചുളിച്ചു ഞാൻ മീശ പിരിച്ചതോടെ വീണ്ടും നിശ്ശബ്ദതയിലേക്കവർ മൂക്കുകുത്തി….അവൾക്കുള്ള റമ്മും, എനിക്കുള്ള ഹണിബീയും വാങ്ങി മരച്ചുവട്ടിൽ എന്നേയും കാത്തിരിക്കുന്ന അവൾക്കരികിലെത്തുമ്പോൾ ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ടായിരുന്നു നിറഞ്ഞു തുളുമ്പുന്ന നന്ദിയും കടപ്പാടും..

അല്ലെങ്കിലും ഈ മദ്യത്തിന് വല്ലാത്തൊരു ശക്തിയാണ്… നേടിയെടുക്കാൻ കഴിയാത്ത പലതും അവൻ നമുക്ക് നേടിത്തരും…
”സ്ത്രീകൾ മദ്യപിക്കരുതെന്നു ഞാൻ പറയില്ല… പക്ഷേ ഈ പരസ്യമായി… അത് തന്റെ ഭാവിക്കു ഗുണം ചെയ്യില്ല…..”’
റം കുപ്പി അവൾക്ക് നേരെ നീട്ടികൊണ്ടു പറയുമ്പോൾ പുഞ്ചിരിയോടെ അവളത് വാങ്ങി തോൾബാഗിനുള്ളിലേക്ക് ഒളിപ്പിച്ചു…”നിങ്ങൾ ആണുങ്ങൾക്ക് ആകാമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾ സ്ത്രീകൾക്കായിക്കൂടാ??”
കൈകെട്ടി നിന്നവൾ എന്റെ കണ്ണിലേക്ക് നോക്കി ചോദിക്കുമ്പോൾ ഉത്തരം പറയാനാകാതെ ഞാൻ തല താഴ്ത്തി…
”അപ്പോൾ കുട്ടി മറ്റതാണല്ലേ…”ഇടം കണ്ണിട്ടു ഞാൻ ചോദിക്കുമ്പോൾ സംശയത്തോടെ അവളെന്നെ നോക്കി…
”മറ്റതോ???”’

”ആ… ഫെമിനിസ്റ്റ്…”ഒരു ചെറു ചിരിയോടെ ഞാൻ ചോദിക്കുമ്പോൾ അവൾ പരിസരം മറന്നു അട്ടഹസിക്കുന്നുണ്ടായിരുന്നു….
വഴിയേ പോകുന്നവരും വരുന്നവരും ഞങ്ങളെ നോക്കി അസഹിഷ്ണുത പ്രകടിപ്പിച്ചതുകൊണ്ടാകാം അവൾ യാത്ര പറഞ്ഞു നടന്നു നീങ്ങി….പിന്നേയും ഞങ്ങൾ പലതവണ കണ്ടുമുട്ടി… ഒരുപക്ഷേ ബീവറേജിന്‌ മുൻപിലെ നീണ്ട വരിയിൽ എന്റെ മുഖം കാണുമ്പോഴേ, ബിൽ കൗണ്ടറിനുള്ളിൽ ചിരിയുയരും… ഒപ്പം എന്റെ മുൻപിലേക്കവർ എടുത്തുവെക്കും ഒരു കുപ്പി റമ്മും ഒരു ഹണിബീയും….

ഇരുകൈകളിലുമായി അവ പൊക്കിയെടുത്തുവരുമ്പോൾ പുഞ്ചിരിയോടെ ആ മരച്ചുവട്ടിൽ അവൾ കാത്തുനിൽക്കുന്നത് നാട്ടുകാർക്കൊരു സ്ഥിരം കാഴ്ചയായി മാറി….തിവുപോലെ അന്നും കുപ്പിയുമായി അവൾക്കരികിലെത്തിയപ്പോഴാണ് അവളുടെ കവിളിലെ ചുവന്നപാട് എന്റെ ശ്രദ്ധയിൽ പെട്ടത്…”ഇതെന്ത് പറ്റി തന്റെ കവിളിൽ??”കുപ്പി അവൾക്ക് നൽകവേ ഞാൻ ചോദിച്ചു…ഇന്നലെ കുടിച്ചതല്പം കൂടിപ്പോയി…”

ഒരു ചെറുചിരിയോടെ കുപ്പി വാങ്ങി ബാഗിനുള്ളിൽ വെച്ചുകൊണ്ട് അവൾ പറയുമ്പോൾ സംശയത്തോടെ ഞാൻ അവളെ നോക്കി…കുടിച്ചു ബോധം പോയി വീണാൽ പോലും കവിളിൽ മാത്രമായി അങ്ങനെയൊരു പാട് വരാനുള്ള സാധ്യത വളരെ കുറവാണ്… ഒരുപക്ഷേ ഒരു സ്ഥിരം മദ്യപാനിയുടെ കണ്ണിലൂടെ നോക്കിയതുകൊണ്ടാകാം ആ മറുപടിയിൽ ഞാൻ അസംതൃപ്തി പ്രകടിപ്പിച്ചു…

എന്റെ മുഖത്തു നിഴലിച്ച സംശയങ്ങൾ തിരിച്ചറിഞ്ഞപ്പോൾ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു…
”എന്റെ മാഷേ… ഞാൻ സ്ഥിരമായി ഈ കുപ്പി വാങ്ങുന്നത് ആർക്കാണെന്നാ കരുതിയേ….”??അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ ഞാൻ അവളെ മിഴിച്ചു നോക്കി..”അത് തനിക്കല്ലേ…”??പറഞ്ഞു തീരും മുൻപേ അവളുടെ മുഖത്തെ പുഞ്ചിരി ഒരു അട്ടഹാസമായി മാറി….ഒന്നും മനസ്സിലാകാത്തവനെ പോലെ ആ അട്ടഹാസം അവസാനിക്കും വരെ ഞാൻ അവൾക്കരികിൽ കണ്ണിമ ചിമ്മാതെ അവളേയും നോക്കി നിന്നു…

”ഇതെന്റെ അച്ഛനു വേണ്ടിയാ…”ചിരി അവസാനിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു…”അച്ഛനോ?? സാധാരണ മക്കൾ അച്ഛന്റെ കുടി നിർത്താൻ വേണ്ടിയാണു ശ്രമിക്കുക… ഇത് പക്ഷേ നേരെ തിരിച്ചാണല്ലോ…”ആകാംക്ഷ നിറഞ്ഞ സ്വരത്തിൽ ഞാൻ പറയുമ്പോൾ അവൾ വീണ്ടും പുഞ്ചിരിച്ചു… പതിയെ മുന്നോട്ട് നടന്നു നീങ്ങുമ്പോൾ ഞാനും അവൾക്കോപ്പം കൂടി….
”എനിക്കോർമ്മ വെച്ച കാലം മുതൽ എന്റെ അച്ഛൻ ഒരു കുടിയനായിരുന്നു… എന്നും കുടിച്ചുകൊണ്ട് വന്നു അമ്മയേയും എന്നേയും പൊതിരെ തല്ലുന്ന ഒരു ക്രൂരൻ… പക്ഷേ മദ്യത്തിന്റെ കെട്ടിറങ്ങിയാൽ അതുപോലൊരു സ്നേഹനിധിയായ അച്ഛൻ വേറെ ഇല്ലതാനും…

അതുകൊണ്ടാകാം എല്ലാം സഹിച്ചു ഞാനും അമ്മയും അച്ഛനോടൊപ്പം തന്നെ കഴിഞ്ഞിരുന്നത്… പക്ഷേ,, ഒരു രാത്രി അച്ഛനുണ്ടാക്കിയ വഴക്ക് ചെന്നവസാനിച്ചത് തെക്കേപ്പുറത്തൊരു ചിതയൊരുക്കുന്നതിലേക്കായിരുന്നു…. എന്റെ അമ്മക്ക് വേണ്ടി…”നടത്തമവസാനിപ്പിച്ചവൾ എന്റെ മുഖത്തേക്ക് നോക്കി…. ഉള്ളിലെ സങ്കടം മറക്കുവാനാകണം അവൾ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു….

”അമ്മയുടെ നഷ്ടത്തിൽ അച്ഛൻ ഒരു മുഴുക്കുടിയനായി മാറുകയായിരുന്നു… ഒപ്പം വഴക്കും വക്കാണവും നാട്ടുകാരിലേക്കും നീണ്ടു തുടങ്ങി… പരാതികളും പരിഭവങ്ങളും ഏറി വന്നപ്പോഴാണ് ഈ ഒരു തീരുമാനത്തിലേക്ക് എന്റെ മനസ്സെത്തിയത്…
ട്യൂഷൻ എടുത്തു കിട്ടുന്ന ശമ്പളത്തിൽനിന്നും ഒരു വിഹിതമെടുത്ത് അച്ഛനുള്ള കുപ്പി വീട്ടിലെത്തിക്കും… ഒപ്പം കൈനീട്ടിയടിക്കാൻ എന്റെ മുഖവും…

അതു പറഞ്ഞപ്പോഴാണ് കവിളിലെ ആ ചുവന്നപാടിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിയത്… അതേ… അതൊരു വിരൽപ്പാട് തന്നെയായിരുന്നു…”എങ്കിലും സമാധാനമുണ്ട്… നാട്ടുകാർക്കും അയൽക്കാർക്കുമിപ്പോൾ പരാതിയില്ല… പരിഭവമില്ല….”
ഒരു ദീർഘ നിശ്വാസത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകളിലേക്ക് നോക്കാനുള്ള ത്രാണിയില്ലാത്തതിനാൽ ഞാൻ അവൾക്ക് മുഖം നൽകാതെ തല താഴ്ത്തി…”മുഴുക്കുടിയനായ ആ അച്ഛന്റെ മകൾക്ക് ഭാവിയെക്കാൾ വലുത് മനസമാധാനം തന്നെയാണ് മാഷേ…”

അതുവരെയുണ്ടായിരുന്ന എന്റെ സംശയങ്ങൾക്കുള്ള എല്ലാ ഉത്തരവും അവളുടെ ആ മറുപടിയിലുണ്ടായിരുന്നു…
അന്നത്തെ രാത്രിയിലെ മദ്യസേവക്കിടയിൽ എന്റെ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു…. ഒരുപാട് ദുഃഖങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ കഴിയുന്ന അവളുടെ നിഷ്കളങ്കമായ ആ മുഖം….”ചേട്ടാ… എന്താ വേണ്ടത്….”??ബീവറേജിനുള്ളിലെ പുതിയ പയ്യന്റെ ശബ്ദം കേട്ടാണ് ഞാൻ ഓർമ്മകളിൽ നിന്നുമുയർന്നത്…എനിക്കുമുൻപിലുണ്ടായിരുന്ന നീണ്ട വരി എന്റെ ഓർമ്മകളിൽ അലിഞ്ഞില്ലാതായിരിക്കുന്നു….

”ഒരു കുപ്പി റം… ഒരു ഹണിബീ…”കുപ്പിയും വാങ്ങി അവിടെ നിന്നുമിറങ്ങുമ്പോൾ ആ മരച്ചുവട്ടിൽ എന്നെ കാത്തിരിക്കാൻ അന്ന് ആരുമുണ്ടായിരുന്നില്ല…ഓർമ്മകളെ താലോലിച്ചുകൊണ്ടു ഞാൻ വീട്ടിലേക്ക് നടന്നു…അവിടെ ഉമ്മറത്തിണ്ണയിൽ എന്നേയും കണ്ണും നട്ട് എന്റെ അമ്മായിച്ഛൻ ഗ്ലാസ്സുമായി കാത്തിരിപ്പുണ്ടായിരുന്നു….കവറിൽ നിന്നും കുപ്പിയെടുത്തു പൊട്ടിച്ചു ആ ഗ്ലാസ്സിലേക്ക് പകരുമ്പോൾ അടുക്കളയിൽ നിന്നും പരാതിയും പരിഭവവും ഉയർന്നു….

”എല്ലാമറിഞ്ഞിട്ടും ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ, എല്ലാ ദുഃഖങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കൂടെ നിൽക്കാമെന്ന് പറഞ്ഞപ്പോൾ പെണ്ണല്ലേ… ഞാൻ വിശ്വസിച്ചുപോയി… പക്ഷേ കള്ളുകുടിക്കാൻ കൂട്ടുണ്ടാക്കാനെന്നു അറിഞ്ഞിരുന്നേൽ ഞാൻ തല കുനിക്കില്ലായിരുന്നു… ഹാ… എന്റെ വിധി…”പൊരിച്ചെടുത്ത ചിക്കനും വായതോരാതേ പരാതികളുമായി അവൾ ഉമ്മറത്തെത്തി. പാത്രം അൽപ്പം ദേഷ്യത്തോടെ ഞങ്ങൾക്കുമുപിൽ വച്ചുകൊണ്ടു എനിക്ക് നേരെ കണ്ണുരുട്ടുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു,, ആ കണ്ണുകൾക്കിപ്പോൾ ഒളിപ്പിച്ചുവെക്കാൻ ദുഃഖങ്ങളില്ല… സങ്കടങ്ങളില്ല…

അതെ… ചില തിരിച്ചറിവുകളോടെ, മുഴുക്കുടിയനായ അച്ഛന്റെ ആ മകളെ എന്റെ കൈകൾക്കൊണ്ടു ചേർത്തുപിടിക്കുമ്പോൾ എന്റെ ഉള്ളിൽ ഞാൻ ആശിച്ചതും അതുമാത്രമായിരുന്നു…ഇന്ന് പഴയതു പോലെ മുഴുക്കുടിയനല്ല അവളുടെ അച്ഛൻ…. ആഴ്ചയിൽ ഒരിക്കലേക്ക് മാത്രമായി അദ്ദേഹം മദ്യസേവ കുറച്ചു. ഒപ്പം ഞാനും… പിന്നെ നോവിക്കാനായി ഉയർന്നിരുന്ന ആ കൈകൾ അവളുടെ കവിളുകളിൽ സ്നേഹത്തോടെ തലോടി തുടങ്ങി…. അല്ലെങ്കിലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്നു ആ കുപ്പിയിൽ തന്നെയെഴുതിയിട്ടുണ്ടല്ലോ…

എന്നിട്ടുമെന്തേ അവൾക്ക് ഈ പരാതിയെന്നു ചോദിച്ചാൽ,,, അതിനുത്തരം ഒന്നേയുള്ളൂ… മദ്യപാനം പെട്ടന്നൊരിക്കൽ അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ… അതവസാനിക്കുന്ന ദിവസം വരെ അവൾക്ക് ഞങ്ങൾ കുടിയന്മാരാണ്… റമ്മടിക്കുന്ന അമ്മയച്ഛനും, ഹണിബീ മോന്തുന്ന മരുമകനും…

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*