Breaking News

നിത്യാഭ്യാസി ആനയെ വരെ എടുക്കും; ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ 72 മണിക്കൂറിനു ശേഷം അമ്മയാനക്കരികിലെത്തിച്ച വനപാലകരുടെ കഥ..!

കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്താണ് രസകരമായ സംഭവം നടന്നത്. കാടിറങ്ങി വന്ന് ജനവാസമേഖലയില്‍ ശല്യമുണ്ടാക്കിയ കാട്ടാനയെ വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ തിരിച്ച് കാട് കയറിയപ്പോള്‍ കുട്ടിയാന ഒറ്റപ്പെട്ടുപോയി. ഒടുവില്‍ വനപാലകര്‍ ഏറെ കഷ്ടപ്പെട്ട് ഈ കുട്ടിക്കൊമ്പനെ തിരികെ അവന്റെ അമ്മയുടെ അരികിലേക്കെത്തിച്ചു. ബുധനാഴ്ച രാവിലെ മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍നിന്നു തേക്കംപട്ടിയിലേക്ക് പോകുന്ന റോഡിലാണ് സംഭവത്തിന്റെ തുടക്കം.

ഭവാനിപുഴയില്‍ നിന്നും വെള്ളംകുടിച്ച ശേഷം ഇറങ്ങിയ പിടിയാന റോഡ് മുറിച്ചുകടക്കാന്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെ കര്‍ഷകനായ ഗണേശന്‍ ട്രാക്ടര്‍ ഓടിച്ചെത്തിയത്. റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നനില്‍പില്‍ ആയതോടെ കര്‍ഷകന്‍ പരിഭ്രാന്തിയിലായി. ഗണേശന്റെ അതിബുദ്ധിയില്‍ ഉദിച്ചതാണ് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ വിരട്ടാനുള്ള ശ്രമം.

അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും കാഴ്ച കണ്ട് രസിക്കാനിറങ്ങിയ കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു. കലിപൂണ്ട ആന ട്രാക്ടറിനെയും ബൈക്കിനേയും മറിച്ചിടുകയും ചെയ്തു. ഓടിരക്ഷപ്പെട്ടവര്‍ അടുത്തുള്ള നെല്ലിമല ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചു. അവരെത്തുമ്പോഴും ആന സംഭവസ്ഥലത്ത്തന്നെ നില്‍ക്കുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനയെ വിരട്ടാനുള്ള ശ്രമം ഉണ്ടായതോടെ ആന വനപാലകരെയും വിരട്ടി. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്‍ അറിഞ്ഞത്.

പുഴയുടെ വശത്തെ ചെറിയ വെള്ളചാലില്‍ നിന്ന് കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്. അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്‍ ഡിഎഫ്ഒയ്ക്ക് മുന്‍പിലെത്തിയത്തോടെയാണ് കൂടിചേരലിന് ആനപ്രേമികളും വനപാലകരും ഒന്നിച്ചിറങ്ങിയത്. വിരട്ടിയ ആന വീണ്ടും തന്റെ ഒരുമാസം പ്രായമായ കുഞ്ഞാനയെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവര്‍ ആദ്യ രണ്ട് ദിവസങ്ങളിലും നിരാശരായി.

അതുവരെ എല്ലാവരുടെയും ഓമനയായിമാറിയ ആനക്കുട്ടന് ലാക്ടോജനും പാലും കുപ്പിയിലാക്കി നല്‍കി അമ്മയെപോലെ പരിപാലിക്കുകയായിരുന്നു ജീവനക്കാര്‍. മനുഷ്യമണം തുടര്‍ച്ചയായി ഏറ്റതോടെ അമ്മയാന എത്തില്ലെന്നറിഞ്ഞു ആനക്കുട്ടിയെ കുറച്ചകലെയായി വിട്ടയച്ച് കാത്തിരുന്നതിന് വിരാമമായത് വ്യാഴാഴ്ച വൈകീട്ടോടെയാണ്. സന്ധ്യയുടെ മറവില്‍ എത്തിയ അമ്മ കുഞ്ഞിനെ കണ്ടയുടന്‍ വാത്സല്യം കൊണ്ട് ഓടിയെത്തിയതോടെ കണ്ണ് നിറഞ്ഞത് വനപാലകര്‍ക്കാണ്. കൂടിച്ചേരലറിഞ്ഞ് അറിയാതെ ചെയ്ത തെറ്റിന് പ്രായശ്ചിത്തം കൂടിയായിരുന്നു കണ്ണിലെ നനവ്. എന്തായാലും ഇനി ആനയെ വനാതിര്‍ത്തിയില്‍ കാണുമ്പോള്‍ ആവശ്യമില്ലാതെ ശബ്ദമുണ്ടാക്കി പരിഭ്രാന്തരാക്കാന്‍ നോക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ ഒന്നാലോചിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*