ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാലും കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ കഴിയില്ല; സര്‍വ്വീസ് നടത്തിപ്പിലൂടെ മാത്രം ഓരോ മാസവും ഉണ്ടാകുന്നത് 16 കോടി രൂപയുടെ നഷ്ടം

ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചതുകൊണ്ടു സ്ഥാപനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിനിധി ഇക്കാര്യം അറിയിച്ചത്. സര്‍വീസ് നടത്തിപ്പിലൂടെ 16 കോടി രൂപയുടെ നഷ്ടമാണ് ഒരോമാസവും ഉണ്ടാകുന്നത്. മറ്റു പ്രതിസന്ധികളും നഷ്ടം വര്‍ധിപ്പിക്കുന്നു. പ്രതിമാസം സ്ഥാപനത്തിന് 205 കോടി നഷ്ടമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യസേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്.

എംഎ‍ല്‍എ. മാരുടെയും മുന്‍ സാമാജികരുടെയും യാത്രാസൗജന്യത്തിലൂടെ മാത്രം 12 കോടി രൂപയുടെ നഷ്ടമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നു യാത്രക്കാരുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. 1,050 രൂപയുടെ സൗജന്യപാസ് ഒരാള്‍ക്ക് ഒരുദിവസം അനുവദിച്ചാല്‍ മാത്രമേ ഇതിനു തുല്യമായ തുക കെ.എസ്.ആര്‍.ടി.സി. ക്ക് ചെലവാകുകയുള്ളൂ എന്നും അവര്‍ പറഞ്ഞു. അതേസമയം നിരക്കു വര്‍ധന ആവശ്യപ്പെട്ടുകൊണ്ടു കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി.ക്കു കഴിഞ്ഞിട്ടില്ല. ഇതിനു വീണ്ടും സാവകാശം ആവശ്യപ്പെട്ടു.

ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് കിലോമീറ്ററിന് 64 പൈസയാണു നിശ്ചയിച്ചിട്ടുള്ളത്. ഇത് 75 പൈസയായി ഉയര്‍ത്തണമെന്നും മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കണമെന്നും സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്ര ചെയ്യുന്ന കിലോമീറ്ററിന് അനുസൃതമായി ടിക്കറ്റ് നിരക്കു പുതുക്കി നിശ്ചയിക്കണമെന്ന് കേരള സ്റ്റേറ്റ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍ ആവശ്യപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*