തന്നെ ടീമിലെടുക്കാത്ത ബിസിസിഐയ്ക്ക് മറുപടിയായി ഒരോവറില്‍ 6 സിക്സറുമായി രവീന്ദ്ര ജഡേജ..!

ഏകദിനങ്ങളിലേക്ക് പരിഗണിക്കാത്തതിന്റെ ദേഷ്യം ഒരു ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തി തീര്‍ത്തിരിക്കുകയാണ് രവീന്ദ്ര ജഡേജ എന്ന ഇന്ത്യന്‍ താരം. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്സെന്ന അപൂര്‍വ നേട്ടം ജഡേജയും സ്വന്തം പേരിലെഴുതി ചേര്‍ത്തത്. യുവരാജ് സിങ്ങിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി മാറിയ ജഡേജ, തകര്‍പ്പന്‍ സെഞ്ചുറിയും നേടിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

69 പന്തില്‍ 154 റണ്‍സ് നേടിയ ജഡേജയുടെ മികവില്‍ ജാംനഗറിന് സമ്മാനിച്ചത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ്. അംരേലി താരം നീലം വാംജയെറിഞ്ഞ 15-ാം ഓവറിലാണ് ജഡേജ ആറു പന്തും ഗാലറിയിലെത്തിച്ചത്. മല്‍സരത്തിലാകെ നേരിട്ട 69 പന്തില്‍ 10 പന്ത് വേലിക്കെട്ടിനു മുകളിലൂടെ പറത്തിയ ജഡേജ, 15 പന്തുകള്‍ ബൗണ്ടറി കടത്തുകയും ചെയ്തു.

ജാംനഗര്‍ ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അംരേലിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 121 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ജാം നഗറും ജഡേജയും കളം വിട്ടു.

ജില്ലാതല മല്‍സരത്തിലാണെങ്കിലും, അടുത്ത കാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ വിഷമിക്കുന്ന ജഡേജയ്ക്ക് ഈ ഇന്നിങ്സ് ആത്മവിശ്വാസം പകരുമെന്ന് തീര്‍ച്ച. കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും പോലുള്ള യുവതാരങ്ങള്‍ ടീമിലെത്തിയതോടെ ജഡേജയ്ക്കും അശ്വിനും ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇപ്പോള്‍ സ്ഥാനം. ഇന്ത്യ-ശ്രീലങ്ക ഏകദിന, ട്വന്റി-ട്വന്റി മല്‍സരങ്ങളിലും ഇരുവരും ടീമിലില്ല

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*