‘ആടിനെ പട്ടിയാക്കിയവര്‍ക്ക്’ ഒരുപാട് നന്ദി! മമ്മൂട്ടിയുടെ ആരാധകക്കൂട്ടത്തിന് പാര്‍വ്വതിയുടെ ചുട്ട മറുപടി…!

മമ്മൂട്ടിയുടെ മകളായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ അങ്കമാലി ഡയറീസ് നായിക ലിച്ചി ഈ ഫാന്‍സ് സൈബര്‍ ആക്രമണത്തിന് ഇരയായത് അടുത്തിടെയാണ്. അതിന് പിന്നാലെ വെട്ടുകിളിക്കൂട്ടത്തിന് ഇരയായത് നടി പാര്‍വ്വതിയാണ്. കസബയിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് ആക്രമണം. സൈബര്‍ ആക്രമണത്തിനും ട്രോളുകള്‍ക്കും ചുട്ടമറുപടിയുമായി പാര്‍വ്വതി തന്നെ രംഗത്ത് വന്നിരിക്കുന്നു.

തങ്ങളുടെ പ്രിയതാരങ്ങളെ ആരും വിമര്‍ശിക്കരുത് എന്ന് വാശിയുള്ളവരാണ് ഫാന്‍സുകാര്‍. ചെറിയൊരു വിമര്‍ശനം പോലും ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇടയാക്കുന്നു. പലപ്പോഴും വ്യക്തപരമായി അപമാനിക്കുന്നതും കുടുംബത്തെ പോലും അധിക്ഷേപിക്കുന്നതുമാണ് ഇക്കൂട്ടരുടെ അതിര് കടക്കുന്ന പ്രതികരണങ്ങള്‍. സൂപ്പര്‍താരങ്ങള്‍ വിമര്‍ശനത്തിന് അതീതരാണ് എന്നൊരു മിഥ്യാധാരണയും ഈ ഫാന്‍സ് സംഘങ്ങള്‍ വെച്ചുപുലര്‍ത്തുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ താരങ്ങള്‍ മെനക്കെടുന്നുമില്ല.

യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ അല്ല പാര്‍വ്വതി ചലച്ചിത്ര മേളയുടെ സംവാദ വേദിയില്‍ വിമര്‍ശിച്ചത്. മറിച്ച്‌ കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അത് ആഘോഷിക്കപ്പെടുന്ന മനസ്ഥിതിയേയുമാണ് പാര്‍വ്വതി വിമര്‍ശിച്ചത്. എന്നാല്‍ പാര്‍വ്വതിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ഇന്നലെ പെയ്ത മഴയ്ക്ക് കുരുത്ത പെണ്ണ് മമ്മൂട്ടിയെ പോലൊരു നടനെ വിമര്‍ശിച്ചു എന്ന നിലയ്ക്കായി കാര്യങ്ങള്‍.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സിന്റെ വക പൊങ്കാലയും തുടങ്ങി. പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും കൊണ്ട് പാര്‍വ്വതിയും ഫേസ്ബുക്ക് പേജ് നിറഞ്ഞു. കസബയുടെ സംവിധായകനും നിര്‍മ്മാതാവും അടക്കം പാര്‍വ്വതിക്ക് മറുപടിയുമായി എത്തി. ധീരമായ നിലപാടുകളുടെ പേരില്‍ പൊതുവേ ഒരു വിഭാഗത്തിന് പാര്‍വ്വതിയോടുള്ള കലിപ്പ് ഈ അവസരത്തില്‍ അവരങ്ങ് തീര്‍ത്തു എന്ന് പറയുന്നതിലും തെറ്റില്ല.

എന്നാല്‍ പാര്‍വ്വതി ക്രൂരമായി സൈബര്‍ ആക്രമണത്തിന് വിധേയയായിട്ടും മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ലിച്ചിയുടെ സംഭവത്തില്‍ മമ്മൂട്ടി നടിയെ ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മറുപക്ഷത്ത് നില്‍ക്കുന്ന പാര്‍വ്വതിയെ മമ്മൂട്ടി വിളിച്ച്‌ ആശ്വസിപ്പിക്കുമെന്ന് പ്രതീക്ഷിക്കാനുമാവില്ല. അതേസമയം വിമന്‍ ഇന്‍ സിനിമ കളക്ടീവ് പാര്‍വ്വതിക്കൊപ്പം തന്നെയാണ്.

പാര്‍വ്വതിയെ പിന്തുണച്ച്‌ റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. മാത്രമല്ല ഗീതു മോഹന്‍ദാസും പാര്‍വ്വതിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഗീതുവിന്റെ ഫേ്സ്ബുക്ക് പോസ്റ്റ് പാര്‍വ്വതിയും ഷെയര്‍ ചെയ്തിരിക്കുന്നു. പാര്‍വ്വതിയുടെ വാക്കുകള്‍ മമ്മൂട്ടിക്കെതിരെ എന്ന തരത്തില്‍ വളച്ചൊടിച്ചതിന് എതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഡബ്ല്യൂസിസിയുടെ വക കസബയുടെ പ്രത്യേക സ്ക്രീനിങ്!! വിവാദങ്ങളുണ്ടാക്കുന്നവരുടെ ശ്രദ്ധ ഇത് വഴി കിട്ടിയെന്ന് കരുതുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍ക്കെതിരെയാക്കി വളച്ചൊടിച്ചതില്‍ നന്ദിയുണ്ട്. ആടിനെ പട്ടിയാക്കിയത് വിശ്വസിച്ച ആരാധര്‍ക്കും നന്ദി.

ഇത്തരം വാര്‍ത്തകളുണ്ടാക്കിയവര്‍ പണവും ഹിറ്റുകളും നേടി. നിരന്തരമായ ട്രോളുകള്‍ സൈബര്‍ ആക്രമണമാണ് എന്ന് മനസ്സിലാക്കുക. മഞ്ഞപ്പത്രങ്ങളോട് പറയാനുള്ളത് ചലച്ചിത്ര മേളയില്‍ ഏറെ ചര്‍ച്ചയായ ഡിജാം എന്ന ചിത്രത്തിലെ ഡയലോഗാണ്. ഐ പിസ്സ് ഓണ്‍ എവരിവണ്‍ ഹു ഹേറ്റ് മ്യൂസിക് ആന്‍ഡ് ഫ്രീഡം. ഇതാ നിങ്ങള്‍ക്കുള്ള അടുത്ത തലക്കെട്ട്, എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച്‌ വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കസബ എന്ന മമ്മൂട്ടിച്ചിത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതാണ്. വനിത കമ്മീഷന് പോലും കസബയുടെ വിവാദത്തില്‍ ഇടപെടേണ്ടതായി വന്നിരുന്നു.

നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്ബ് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്ബോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതാണ് സൈബര്‍ ആക്രമണം വിളിച്ച്‌ വരുത്തിയതും. പാര്‍വ്വതി പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണിതെല്ലാം എന്നായിരുന്നു സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരുടെ പ്രതികരണം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*