ജിമിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല; ഗാനം കേള്‍ക്കാതിരിക്കാന്‍ ആവുന്നില്ല: ഹരം കൊള്ളിക്കുന്നുവെന്ന് അഭിഷേക് ബച്ചനും..!!

ജിമിക്കി കമ്മല്‍ തരംഗം ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും ജിമിക്കി കമ്മലിന്റെ ആരാധകനായിരിക്കുകയാണ്. ഈ പാട്ട് എത്ര കേട്ടാലും മതി വരില്ലെന്നാണ് ബോളിവുഡ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ഇപ്പോഴത്തെ ഹരമാണ് ഈ പാട്ടെന്നും അദ്ദേഹം പറയുന്നു. ഗാനത്തിന്റെ യൂട്യൂബ് ലിങ്കും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഒട്ടേറെപ്പേരാണു ട്വീറ്റിനോടു പ്രതികരിച്ചിട്ടുള്ളത്. ‘പറയാന്‍ വാക്കുകളില്ല, ജൂനിയര്‍ ബച്ചന്‍ ജിമിക്കി കമ്മലിനെക്കുറിച്ചു ട്വീറ്റ് ചെയ്തിരിക്കുന്നു’ ഗാനത്തിനു സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്റെ വാക്കുകള്‍.  അതേസമയം തന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത ഷാന്‍ റഹ്മാന്റെ പോസ്റ്റിനു താഴെ അഭിഷേക് ബച്ചന്‍ കമന്റിടുകയും ചെയ്തു. മികവുറ്റ വര്‍ക്ക്, ആശംസകള്‍ എന്നായിരുന്നു അഭിഷേക് ബച്ചന്റെ കമന്റ്.
ഷാന്‍ റഹ്മാന് കിട്ടിയ ഇരട്ടി മധുരമായി അഭിഷേകിന്റെ പ്രതികരണം. യഥാര്‍ത്ഥ ഗാനരംഗത്തെ കടന്നു വെക്കുന്ന പ്രകടനങ്ങളുമായി നിരവധി പേരാണ് പാട്ടിനൊത്ത് ചുവടു വെച്ച് ഇതിനകം ശ്രദ്ധേയരായത്. കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ വരെ ഓളമായി മാറിയ ഗാനമാണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍. ഇതാദ്യമായിട്ടാണ് ഒരു മലയാള ഗാനത്തിന് ലോകം മുഴുവനുമുള്ള യുവാക്കള്‍ ചുവടു വെച്ചത്.
മലയാളികളെ തോല്‍പിക്കുന്ന നൃത്തരംഗങ്ങളും ആലാപനവുമായി വിദേശികളും ഏറെ ശ്രദ്ധ നേടിയിരുന്നു. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ഏറ്റെടുത്തവരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വലിയവരും സ്വദേശികള്‍ മുതല്‍ വിദേശികളും ഉണ്ടായിരുന്നു. ചിത്രമിറങ്ങി മൂന്ന് മാസം പിന്നിടുമ്പോഴും ജിമിക്കി കമ്മല്‍ തീര്‍ത്ത ഓളം കെട്ടടങ്ങുന്നില്ലെന്നിന്റെ തെളിവാണ് അഭിഷേക് ബച്ചന്റെ ട്വീറ്റും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*