അറസ്റ്റിലായ അഴിമതിക്കാരില്‍ നിന്നും പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കും…

സൗദിയില്‍ കസ്റ്റഡിയിലായ അഴിമതിക്കാരില്‍ നിന്നു പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും വിനിയോഗിക്കുമെന്ന് വാണിജ്യനിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി പറഞ്ഞു. അഴിമതി കേസുകളില്‍ പങ്കുളള ഉന്നത പദവിയിലുളളവരെ കസ്റ്റഡിയിലെടുക്കുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. അഴിമതിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും പിടിച്ചെടുക്കും. ആയിരക്കണക്കിന് കോടി ഡോളര്‍ അഴിമതിക്കാരില്‍ നിന്നു കണ്ടുകെട്ടുമെന്നും വാണിജ്യനിക്ഷേപ മന്ത്രി ഡോ മാജിദ് അല്‍ ഖസബി പറഞ്ഞു. അഴിമതിക്കാരുമായി ഉണ്ടാക്കുന്ന ഒത്തു തീര്‍പ്പുകളിലൂടെ സമാഹരിക്കുന്ന പണം നിക്ഷേപിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇത് ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. അഴിമതിപണം പൊതു ജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ഇത് പൊതുജന ക്ഷേമത്തിന് വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെയുളള പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആസ്തി നിര്‍ണയം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മൈദ മില്ലുകള്‍ സ്വകാര്യവല്‍ക്കരിക്കും. ഇതിനുളള നടപടികള്‍ മന്തിമ ഘട്ടത്തിലാണ്. ആഗോള എണ്ണ വിപണിയിലുണ്ടായ തകര്‍ച്ച നേരിടുന്നതിന് വിവിധ പദ്ധതികള്‍ മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഇതിനായി അടുത്ത ബഡ്ജറ്റില്‍ ഏഴായിരം കോടി റിയാലിന്റെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ മാജിദ് അല്‍ ഖസബി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*