‘ആട് 2’ന്‍റെ പിറവിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ മിഥുന്‍…!

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ തള്ളി, ടെലിവിഷനിലും ഇന്റര്‍നെറ്റിലും ഇതേ പ്രേക്ഷകര്‍ ഹിറ്റാക്കിയ ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് റിലീസ് തയ്യാറെടുക്കുമ്ബോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നമ്മളോട് പങ്കുവെയ്ക്കുന്നു.

തിയേറ്ററില്‍ തരംഗം ഉണ്ടാക്കാത്ത ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. എന്നിട്ടും ഇതേ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറക്കുന്നതിന്റെ കാരണമെന്താണ്?

തിയേറ്ററുകളില്‍ വിജയം കിട്ടാത്ത സിനിമയാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. അത് ഒരുപാട് വിഷമം ഉണ്ടാക്കി. എന്നാല്‍ ചിത്രം തിയേറ്ററുകള്‍ വിട്ട് ഡിവിഡി, ടോറന്റ്, ടെലിവിഷന്‍ പ്ലാറ്റ്ഫോമുകളില്‍ വന്‍ സ്വീകാര്യത നേടി. അതോടൊപ്പം സിനിമയിലെ ജയസൂര്യയുടെ കഥാപാത്രമായ ഷാജി പാപ്പന്‍ ഉള്‍പ്പടെ പല കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകള്‍ കൈയടക്കി. ടിവിയിലും അതുപോലെ നെറ്റില്‍ നിന്ന് എടുത്തുകണ്ടവരും സിനിമയെ കുറിച്ച്‌ നേരിട്ടും നവമാധ്യമങ്ങള്‍ വഴിയും നല്ല അഭിപ്രായങ്ങള്‍ തന്നു. പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ച തന്നെയായി. കഥാപാത്രങ്ങള്‍ ട്രോളുകള്‍ക്ക് വഴിമാറി ഹിറ്റായി.

നവമാധ്യമങ്ങള്‍ വിജയിപ്പിച്ച ഒരു സിനിമയാണ് ആട് ഒന്നാം ഭാഗം എന്നത് സത്യമാണ്. പിന്നീട് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തെക്കാളുപരി ആട് ചെയ്ത സംവിധായകന്‍ എന്നപേരിലാണ് പല സ്ഥലങ്ങളിലും ചെല്ലുമ്ബോള്‍ അറിയപ്പെടുന്നതും. ആദ്യഭാഗത്തിന്റെ നിര്‍മാതാവും അഭിനേതാവും കൂടിയായ വിജയ് ബാബുവിനും ഇതേ രീതിയില്‍ ഒരു സ്വീകാര്യത പല സ്ഥലങ്ങളില്‍ നിന്നും ലഭിച്ചു. ഒപ്പം ഷാജി പാപ്പന്‍ എന്ന കഥാപാത്രം ജയസൂര്യയ്ക്കും മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച്‌ പ്രേക്ഷക പ്രശംസകള്‍ നല്ല രീതിയില്‍ കിട്ടി. ഈ ഒരു ആവേശവും പ്രതീക്ഷയും ആടിന്റെ കഥാപാത്രങ്ങള്‍ക്ക് ഒരു രണ്ടാം ഭാഗത്തിന് സാധ്യത ഉണ്ടെന്ന് തോന്നിപ്പിച്ചു. നവമാധ്യമ പ്രേക്ഷക പിന്തുണയുമായാണ് ആട് 2 ലേക്ക് ഞങ്ങള്‍ എത്തുന്നത്.

സിനിമയുടെ രണ്ടാം പതിപ്പ് എത്തുന്നു എന്ന വാര്‍ത്തകള്‍ വന്ന് കുറെ നാളുകള്‍ക്കു ശേഷമാണ് സിനിമ എത്തുന്നത്. സിനിമ വൈകിയത് എന്തുകൊണ്ടാണ്?

സിനിമ ഇന്റര്‍നെറ്റില്‍ ഹിറ്റായപ്പോള്‍ തന്നെ തിയേറ്ററുകളില്‍ കിട്ടാത്ത വിജയമായും ഒപ്പം കഥാപാത്രങ്ങളെ കുറിച്ചും നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. രണ്ടാം ഭാഗമെന്ന ഒരു ആശയം തന്നെ സോഷ്യല്‍ മീഡിയയാണ് ആദ്യം കൊണ്ടുവരുന്നത്. കഥ പൂര്‍ണമാകാത്തതുകൊണ്ടാണ് സിനിമ നീണ്ടു പോയത്. കൃത്യമായ ഒരു കഥാഗതിയിലേക്ക് എത്തിയതിന് ശേഷമാണ് സിനിമ ഔപചാരികമായി അനൗണ്‍സ് ചെയ്തത്.

ആട് 2 ന്റെ വ്യത്യസ്തതകള്‍ എന്തൊക്കെയാണ്?

ഒന്നാംഭാഗത്തിലെ ഷാജി പാപ്പനും മറ്റു മിക്ക കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാവും. അതോടൊപ്പം മറ്റു ചില കഥാപാത്രങ്ങളും ചിത്രത്തില്‍ അണിനിരക്കും. അത് ആരൊക്കെ, എന്തൊക്കെ എന്നുള്ളത് തത്കാലം ഞങ്ങള്‍ സസ്പെന്‍സ് ആയി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവില്‍ പുറത്തിറക്കിയ പോസ്റ്ററുകളില്‍ പോലും അവരെ ഉള്‍പ്പെടുത്തിയിട്ടില്ല. തിയേറ്ററുകളില്‍ സിനിമ എത്തുമ്ബോഴേ അവര്‍ ആരൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് മനസിലാവുകയുള്ളൂ. കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളാണ് ഷാജി പാപ്പനും കൂട്ടരുമെങ്കിലും ചില സോഷ്യല്‍ എലമെന്റുകളും കഥയില്‍ ഉണ്ട്, പക്ഷെ ഒരു ഭൂതനാത്മക സിനിമയൊന്നും ആവില്ല. ആട് 2 ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ തന്നെയാണ്.

ആട് രണ്ടാം ഭാഗം എത്തുമ്ബോള്‍ അണിയറയില്‍ പ്രതീക്ഷ വാനോളമാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വ്യക്തമാകുന്നു. സിനിമയുടെ ആദ്യ വിഡിയോ ഗാനം ഡിസംബര്‍ എട്ടിന് വൈകിട്ട് ആറുമണിക്ക് പുറത്തിറക്കുമെന്നും മിഥുന്‍  വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*