പ്രസന്ന കുമാരി ഈ കുഞ്ഞുങ്ങള്‍ക്ക് അധ്യാപികയല്ല, അമ്മയാണ്; കേരളം നെഞ്ചേറ്റിയ ഈ മലപ്പുറത്തുകാരിയുടെ വിശേഷങ്ങളിലേക്ക്….

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനം നടക്കുമ്ബോള്‍ അവര്‍ക്ക്, ചുവടുകളും മുദ്രകളും കാണിച്ചുകൊടുക്കുന്ന പ്രസന്ന കുമാരി എന്ന അധ്യാപികയുടെ ഭാവ പ്രകടനങ്ങളുടെ ഫോട്ടോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ നടത്തിയ കലോത്സവവേദിയില്‍ നിന്നുള്ളതായിരുന്നു ആ ഫോട്ടോകള്‍.

സദസിന്റെ മുന്‍നിരയിലിരുന്ന് വെള്ളത്തൂവാല വീശി മത്സരാര്‍ഥിയുടെ ശ്രദ്ധപിടിക്കും. പിന്നീട്, ആംഗ്യത്തിലൂടെ ചുവടുകളും മുദ്രകളും കാണിച്ചുകൊടുക്കും. ഓരോ നൃത്തം തീരുമ്ബോഴും പ്രസന്നകുമാരിയുടെ കണ്ണില്‍നിന്നു കണ്ണീരുപൊടിയുന്നതും അത് തൂവലകൊണ്ട് തുടയ്ക്കുന്നതും വളരെ മനോഹരമായാണ് ഒരു മാധ്യമഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

മലപ്പുറം മാറഞ്ചേരിയിലെ സ്പെക്‌ട്രം സ്പെഷ്യല്‍ സ്കൂളിലെ കെയര്‍ ടേക്കറായ പ്രസന്ന കുമാരി, ആ കുട്ടികള്‍ക്ക് അധ്യാപിക മാത്രമല്ല. അമ്മ തന്നെയാണ്. അമ്മയുടെ അതേ സ്നേഹത്തോടെയും കരുതലോടെയുമാണ് പ്രസന്നകുമാരി, അവരെ നോക്കുന്നത്. ഭക്ഷണം കഴിപ്പിക്കാനും, ടോയ്ലറ്റില്‍ കൊണ്ടുപോകാനും വൃത്തിയാക്കാനും ഡാന്‍സും പാട്ടും പഠിപ്പിക്കാനും പ്രസന്ന കുമാരിയുണ്ട്.

പഠിപ്പിച്ച്‌ കൊടുക്കുന്നത് അവര്‍ മറന്നുപോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ സപ്പോര്‍ട്ട് ചെയ്തുകൊടുത്താല്‍ അവര്‍ മുഴുവനും ചെയ്യും. അതുകൊണ്ടാണ് പരിപാടികള്‍ തുടങ്ങുമ്ബോള്‍ വേദിക്ക് മുന്നില്‍ താന്‍ ഇരിക്കുന്നതെന്നും പ്രസന്ന ഒരു മാധ്യമത്തോട് പറഞ്ഞു.

‘ഞാന്‍ എപ്പോഴും ഒരു വെള്ളത്തൂവാല കൈയില്‍ പിടിക്കും. കാഴ്ചക്കുറവുള്ള കുട്ടികള്‍ ഉണ്ട്. വെള്ള വീശുമ്ബോള്‍ പെട്ടെന്ന് അവരുടെ ശ്രദ്ധയില്‍പെടും. പരിപാടി തുടങ്ങുമ്ബോള്‍ എല്ലാവരും ഇരിക്കുകയായിരിക്കുമല്ലോ. അപ്പോള്‍ ഞാന്‍ നിന്നിട്ട് തൂവാല വീശും. അവര്‍ എന്നെ കണ്ടുവെന്ന് ഉറപ്പാകുമ്ബോള്‍ ഇരിക്കും. പിന്നെ മുന്നിലിരുന്ന് ചുവടുകളും മുദ്രകളും കാണിച്ചുകൊടുക്കും.’

‘ഈ മക്കളെ വിട്ട് മറ്റു ജോലിക്ക് പോകാന്‍ എനിക്ക് താല്‍പര്യമില്ല. അവര്‍ക്ക് നമ്മുടെ മക്കളേക്കാള്‍ ഒക്കെ സ്നേഹമാണ്. നമ്മള്‍ ഒരു കമ്മല്‍ മാറി ഇട്ടാല്‍, മുടി ഒന്ന് പാറിയാല്‍ എന്താ പറ്റിയത് എന്ന് അവര്‍ ചോദിക്കും. എല്ലാവരും എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്.’-പ്രസന്ന പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*