Breaking News

പൂര്‍വാധികം ശക്തിയോടെ ദളപതി പുതിയ ചിത്രവുമായ്‌ വരുന്നു… ബി.ജെ.പി ആക്ഷേപിച്ച ആ പേരില്‍ തന്നെ വിജയ് നായകനാകുന്നു..!!

ബി.ജെ.പി നേതാവ് ആക്ഷേപിച്ച ജോസഫ് വിജയ് എന്ന പേരില്‍ തന്നെ വിജയ് അഭിനയിക്കും. ഇക്കാര്യം താരം തന്നെയാണ് അടുത്ത കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയത്. പുതുതായി അഭിനയിക്കാന്‍ പോവുന്ന മുരുകദാസ് സിനിമയിലാണോ അതോ അടുത്ത സിനിമയിലാണോ പേര് മാറ്റമെന്നത് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ലങ്കിലും ആരാധകരുടെ കൂടി താല്‍പര്യം മുന്‍നിര്‍ത്തി ജോസഫ് വിജയ് ലൂടെ ഒരു ‘മറുപടി’ പ്രതീക്ഷിക്കാമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്.

മോദി സര്‍ക്കാറിന്റെ അഭിമാന പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി എന്നിവയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിജയ് ക്ക് എതിരെ രംഗത്തു വന്ന ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി എച്ച്‌.രാജയാണ് പ്രകോപിതനായി വിജയ് യുടെ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചികിത്സാ സൗകര്യമില്ലാത്ത ഗ്രാമത്തില്‍ ക്ഷേത്രങ്ങളേക്കാള്‍ ആദ്യം വേണ്ടത് ആശുപത്രികളാണെന്ന മെര്‍സല്‍ സിനിമയിലെ നായകന്റെ ഡയലോഗ് മുന്‍ നിര്‍ത്തിയായിരുന്നു ഈ ഐ.ഡി കാര്‍ഡ് പ്രദര്‍ശനം.

ജോസഫ് വിജയ് എന്ന ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാള്‍ ക്ഷേത്രങ്ങള്‍ക്കെതിരെ സംസാരിച്ചുവെന്ന തരത്തില്‍ തുടര്‍ന്ന് ഒരു വിഭാഗം പ്രചരണവും നടത്തി. എന്നാല്‍ വിജയ് യുടെ പേര് എന്തായാലും മതമേതായാലും തങ്ങള്‍ ആ നടനെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് രംഗത്ത് വന്ന വിജയ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ പ്രതിരോധമാണ് ഇതിനെതിരെ ഉയര്‍ത്തിയത്.

മെര്‍സല്‍ സിനിമയില്‍ നിന്നും വിവാദ ഭാഗം ഒഴിവാക്കണമെന്ന ബി.ജെ.പി നിര്‍ദ്ദേശത്തിനെതിരെ സിനിമാലോകവും ഒറ്റക്കെട്ടായി നിലകൊണ്ടു. സി.പി.എം, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും ബി.ജെ.പി നിലപാടിനെ അപലപിച്ച്‌ രംഗത്തു വരികയുണ്ടായി. വിജയ് ,ജോസഫ് വിജയ് ആണ് എന്ന് ഇപ്പോഴാണോ ബി.ജെ.പി നേതാക്കള്‍ക്ക് മനസ്സിലായത് എന്നാണ് ഇതേ കുറിച്ച്‌ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചത്.

ഇന്ത്യാ ടുഡേ, ടൈംസ് നൗ, എന്‍.ഡി.ടി.വി, ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ ദേശീയ മാധ്യമങ്ങളും മെര്‍സല്‍ വിവാദം സമഗ്രമായി തന്നെ റിപ്പോര്‍ട്ട് ചെയ്യുകയും ചര്‍ച്ച നടത്തുകയുമുണ്ടായി. കേരളത്തിലും വലിയ പ്രതിഷേധമാണ് ബി.ജെ.പിക്ക് മെര്‍സല്‍ വിവാദത്തില്‍ നേരിടേണ്ടി വന്നിരുന്നത്. തമിഴകത്ത് പ്രതിഷേധം ഭയന്ന് ബി.ജെ.പി നേതാക്കള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വരെയുണ്ടായി.

ഇതിനിടെ വിവാദ രംഗങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി സിനിമാക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി തുറന്നടിച്ചതും സിനിമയെ ‘പൂട്ടിക്കാന്‍’ രംഗത്തുവന്നവര്‍ക്ക് കനത്ത പ്രഹരമായി. ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള ദളപതി എന്നറിയപ്പെടുന്ന വിജയ് രാഷ്ട്രീയവും സിനിമയും ഇഴകലര്‍ന്ന തമിഴകത്ത് വലിയ സ്വാധീനശക്തിയായി മാറുന്നതില്‍ ദ്രാവിഡ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്. ഈ ആശങ്ക തന്നെയാണ് ദളപതിയുടെ ഏത് സിനിമ റിലീസായാലും ഒരു വിഭാഗം മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

തന്റെ മതം ‘മനുഷ്യ മതമാണെന്ന് ‘വിശ്വസിക്കുന്ന വിജയ്, ജോസഫ് വിജയ് ആയി ഇനി എന്ത് മാസ് ഡയലോഗ് പറഞ്ഞാണ് പുതിയ വിവാദത്തിന് തിരികൊളുത്താന്‍ പോകുന്നതെന്നാണ് കണ്ടറിയേണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*