നടിയെ ആക്രമിച്ച കേസ് നിര്‍ണായക വ‍ഴിത്തിരിവ് ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും…!

കൊച്ചിയില്‍  യുവനടിയെ തട്ടിക്കൊണ്ടുപോയി അശ്ളീലദൃശ്യം പകര്‍ത്തിയ സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നു. യുവനടിയെ ആക്രമിച്ചത് ദിലീപിന്റെ മേല്‍നോട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. നിലവില്‍ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് ഒന്നാംപ്രതി. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്പ്
നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്ന് അന്വേഷണ സംഘത്തിലുള്‍പ്പെട്ട ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് വ്യക്തമാക്കി.
ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജുവാര്യരുമൊത്തുള്ള വിവാഹജീവിതം തകര്‍ത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

യുവനടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നല്‍കുക. നടിയുടെ അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന സുനിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ആലുവ സബ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നല്‍കുക. ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറന്‍സിക് പരിശോധനാ ഫലവും ഫോണ്‍ കോള്‍ രേഖ- ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈലും മെമ്മറികാര്‍ഡും ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താന്‍ തുടരന്വേഷണത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*