ഒക്ടോബര്‍ 8 ന് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും…!

നടി ആക്രമിക്കപ്പെട്ട   കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ എട്ടിന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന, ബലാത്സംഗം തുടങ്ങി ജീവപര്യന്തം വരെ കിട്ടാവുന്ന കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും കേസില്‍ അന്വേഷണം തുടരും.
കേസിലെ പ്രധാന തെളിവായ, നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിയായിരിക്കും അന്വേഷണം തുടരുക. പിന്നീട് വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ജുലൈ 10നാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വെച്ച്‌ 65 ദിവസം പിന്നിട്ടിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിന് ഇതുവരെ കുറ്റപത്രം സമര്‍പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം തേടിയിരുന്നു.

ആക്രമിച്ച  ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് മാത്രം കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. ഇതിന്‍റെ  അടിസ്ഥാനത്തില്‍ കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കിയാവും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്.  മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ചതായാണ് പോലീസിന്റെ നിഗമനം. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഫോണ്‍ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയതായി പറഞ്ഞിരുന്നു. എന്നാല്‍, ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയത്. ഇവരേയും പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണവിധേയനായ ദിലീപിനെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*