ലോകം യുദ്ധഭീതിയില്‍.. കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തി അമേരിക്ക…!

രാജ്യാന്തര സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് നിരന്തരം ആണവ പോര്‍മുന മിസ്സൈലുകള്‍ പരീക്ഷിക്കുന്ന  ഉത്തരകൊറിയക്ക് താക്കീതുമായി കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ അമേരിക്ക യുദ്ധവിമാനം പറത്തി. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് ശേഷമാണ് അമേരിക്കയുടെ ഈ നടപടി. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണത്തെ ഐക്യരാഷ്ട്രസംഘടന ശക്തമായി എതിര്‍ത്തിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചത്. പ്യോന്‍ഗ്യാങ്ങില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെയാണ് കടന്നുപോയത്.  അമേരിക്കന്‍ ആര്‍മിയുടെ നാല് സ്റ്റെല്‍ ഫൈറ്ററും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് കൊറിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ പറന്നത്. റഡാറുകളെ വരെ തകര്‍ക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിവ.

സെപ്തംബര്‍ മൂന്നാം തീയതി നടത്തിയ ഏറ്റവും വലിയ ആണവ പരീക്ഷണത്തിന് പിന്നാലെ ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പറത്തിയതാണ് അമേരിക്ക സൈനിക ആഭ്യാസത്തിന് മുതിരാന്‍ കാരണം. കൂടാതെ ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും കഴിഞ്ഞ ദിവസം ഉത്തരെകാറിയ നടത്തിയ ഭീഷണിയും അമേരിക്കയെ ചൊടിപ്പിക്കുന്നു. കൂടാതെ അമേരിക്കന്‍ സൈനിക താവളമായ ഗുവാം ആക്രമിക്കുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണകൊറിയയുമായി ചേര്‍ന്നാണ് അമേരിക്ക സൈനിക അഭ്യാസം നടത്തിയത്. നേരത്തെ ആഗസ്റ്റ് 31ന് സമാന രീതിയിലൊരു സൈനിക അഭ്യാസം അമേരിക്ക നടത്തിയിരുന്നു. എന്നാല്‍ അമേരിക്ക തങ്ങളുടെ സൈനിക ശക്തി കാണിക്കാനാണ് ഇത്തരമൊരു സൈനിക പരീക്ഷണം നടത്തിയതെന്ന് ഭക്ഷിണകൊറിയ അഭിപ്രായപ്പെട്ടു.

ഉത്തരകൊറിയില്‍ നിന്നും 3400 കിലോമീറ്റര്‍ ദൂരെയാണ് ഗുവാം. എന്നാല്‍ ജപ്പാന് മുകളിലൂടെ വെള്ളിയാഴ്ച വിക്ഷേപിച്ച മിസൈല്‍ ഇതിലും കൂടുതല്‍ ദൂരമാണ് സഞ്ചരിച്ചത്. തങ്ങള്‍ക്ക് നിഷ്പ്രയാസം ഗുവാം ആക്രമിക്കാം എന്ന് അമേരിക്കയ്ക്ക് നല്‍കുന്ന മുന്നറിയിപ്പു കൂടിയാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആയുധശേഷിയില്‍ അമേരിക്കയ്ക്ക് തുല്യമാകുന്നവരെ തങ്ങള്‍ ആണവായുധ പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞത്.മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണ മിസൈല്‍ പരീക്ഷിച്ച പശ്ചാത്തലത്തിലായിരുന്നു ഉത്തരകൊറിയയുടെ ഈ പ്രസ്താവന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*