കാര്യങ്ങള്‍ പരിധിവിട്ടു….. ലോകം യുദ്ധമുഖത്തേക്ക്…..

ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തില്‍ കാര്യങ്ങള്‍ പരിധിവിട്ടു….. ലോകം വീണ്ടും ഒരു ലോക യുദ്ധമുഖത്തേക്ക് നീങ്ങുതായി  ആശങ്കയോടെ ലോക ജനത. ;ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തില്‍ റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനം സൃഷ്ടിച്ചതായി യുഎസ്.ലോകത്ത് വീണ്ടുമൊരു ആണവ യുദ്ധം ആസന്നമായോ? ലോക പൊലീസ് ചമയുന്ന അമേരിക്കയെയും വകവെക്കാതെ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചു കൊണ്ട് ആണവ പരീക്ഷണം നടത്തി. അതിശക്തമായ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് കിം ജോങ് ഉന്‍ നടത്തിയത്. ഭൂമിയെ പ്രകമ്ബനം കൊള്ളിക്കുന്ന വിധത്തില്‍ ഉഗ്രശേഷിയുള്ള ആണവ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയത്. ഇതോടെ കൊറിയക്ക് മറുപടി നല്‍കാന്‍ അമേരിക്കയും സഖ്യകക്ഷികളും തുനിഞ്ഞിറങ്ങിയാല്‍ ലോകം വീണ്ടുമൊരു ലോക മഹായുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കും.

സമാധാനശ്രമങ്ങളുടെ സാധ്യതള്‍ കൂടി തള്ളികളഞ്ഞ് ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ അപലപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ രംഗത്തെത്തി. കൊറിയ നടത്തിയ അണുവായുധ പരീക്ഷണം അപലപനീയമാണെന്ന് ഇന്ത്യയും പ്രതികരിച്ചു. രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ അണുവായുധങ്ങളുടെയും മിസൈലുകളുടെയും പരീക്ഷണം നടക്കുന്ന സാഹചര്യം സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് ഉത്കണ്ഠയുണ്ടെന്നും വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ആണവനിര്‍വ്യാപനം സംബന്ധിച്ച അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ഉത്തര കൊറിയ മറക്കുന്നു. മേഖലയില്‍ അണുവായുധ നിര്‍വ്യാപനം സാധ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോള്‍ അവരുടെ നീക്കങ്ങള്‍. സമാധാനത്തിനും സംതുലനത്തിനും വിഘാതമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തര കൊറിയ പിന്‍തിരിയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഇതെന്ന് യുഎസും ദക്ഷിണകൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനം സൃഷ്ടിച്ചതായും യുഎസ് വ്യക്തമാക്കി. ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ലോകത്തെ ആശങ്കപ്പെടുത്തി കിമ്മിന്റെ കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.

മേഖലയിലെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ജപ്പാനു മുകളിലൂടെ കൊറിയ മിസൈല്‍ അയക്കുകയും ചെയ്ത് ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് ആണവ പരീക്ഷണം വീണ്ടും നടത്തിയത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൈഡ്രജന്‍ ബോംബുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉത്തര കൊറിയയില്‍ അതീവപ്രാധാന്യമുള്ള സംഭവങ്ങള്‍ നടക്കുമ്ബോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനല്‍ അവതാരക റി ചുന്‍ ഹീ ആണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണ വാര്‍ത്ത രാജ്യത്തെ അറിയിച്ചത്. ഉത്തര കൊറിയന്‍ ജനത ആവേശത്തോടെ സ്വീകരിച്ച പരീക്ഷണം ലോകത്തെ മുഴുവന്‍ നടുക്കുന്നതായിരുന്നു.

ഇതിന് മുമ്ബ് 2016 സെപ്റ്റംബറിലാണ് ഇതിനു മുന്‍പ് ഉത്തര കൊറിയ ആണവപരീക്ഷണം നടത്തിയിട്ടുള്ളത്. ഒരു വര്‍ഷം തികഞ്ഞ വേളയില്‍ വീണ്ടും ആണവപരീക്ഷണം ആവര്‍ത്തിച്ച്‌ തന്‍പ്രമാണിത്തം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. കില്‍ജു കൗണ്ടിയിലാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതേത്തുടര്‍ന്നുണ്ടായ അഞ്ചാമത്തെ ആണവപരീക്ഷണത്തേക്കാള്‍ വീര്യം കൂടിയ ഭൂകമ്ബമാണ് ഉത്തര കൊറിയയുടെ ആണവ പരീക്ഷണം സൃഷ്ടിച്ചത്.ദീര്‍ഘദൂര മിസൈലില്‍ ഹൈഡ്രജന്‍ ബോംബ് ഉപയോഗിക്കുന്നതിന്റെ മാതൃക തയാറാണെന്ന് വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് പരീക്ഷണം നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലിലാണ് ആണവബോംബ് ഘടിപ്പിച്ചതെന്നാണു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അത്യാധുനിക ആണവബോംബ് ആണ് ഉപയോഗിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ആണവയുദ്ധത്തിന് ഒരുക്കമാണെന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഉത്തര കൊറിയയുടെ ഉദ്ദേശമെന്ന് വ്യക്തം.അത്യുഗ്ര സ്ഫോടന ശേഷിയുള്ള ഹൈഡ്രജന്‍ ബോംബിന് ആവശ്യമായി വേണ്ട 100% ഘടകങ്ങളും ഉത്തരകൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്ന് കിം ജോങ് ഉന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അണുവിഘടനമാണ് ആറ്റംബോംബിന്റെ പ്രഹര തത്വം. അതേസമയം ഹൈഡ്രജന്‍ ബോംബ് സ്ഫോടനത്തില്‍ അണു സംയോജനമാണ് നടക്കുന്നത്..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*