ദിലീപിന് അനുകൂലമായി ‘അമ്മ’യില്‍ ‘പട’; ലക്ഷ്യം താരസംഘടനയെ…..

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങിയ നടന്‍ ദിലീപിനെ തുടക്കത്തില്‍ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാല്‍ ദിലീപിനെ അനുകൂലിച്ച്‌ കൂടുതല്‍ താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ത്തവസമയത്തെ കഠിനവേദനയ്ക്ക് ശമനം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി..! 

അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങള്‍ നിലപാടെടുക്കുന്നത്. മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. അമ്മ ഭാരവാഹികള്‍ വരെ ഇപ്പോള്‍ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോള്‍.

അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവന്‍ ഷാജോണ്‍. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാന്‍ ജയിലില്‍ വന്നു. അറസ്റ്റിന് ശേഷം ദിലീപിന് പരസ്യമായി അമ്മ ഭാരവാഹി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമാണ്.

ദിലീപിനെ തിടുക്കത്തില്‍ പുറത്താക്കിയതിനോട് ഷാജോണിന് യോജിപ്പില്ല. ഈ നിലപാടുള്ള നിരവധി താരങ്ങള്‍ ഇപ്പോഴുണ്ട്. ദിലീപിനെ ആവശ്യമാണെങ്കില്‍ ട്രഷറര്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു. കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

താരസംഘടന പുറത്താക്കിയതിനെതിരേ സിദ്ദീഖ് നിലപാട് എടുത്തിരുന്നു. കുറ്റവാളിയായി വിചാരണ നടത്താന്‍ മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് അമ്മയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അമ്മ പുറത്താക്കിയതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ ദിലീപ് മുന്‍കൈയെടുത്ത് രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടന ദിലീപിനെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്.

ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടില്ല. ദിലീപ് അനുകൂലികളായ അംഗങ്ങളുടെ വിമര്‍ശനം ഭയന്നാണ് യോഗം വിളിക്കാത്തതെന്ന് ആക്ഷേപമുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗം ചേര്‍ന്നത് മമ്മൂട്ടിയുടെ വീട്ടിലായിരുന്നു.

അടിയന്തര എക്സിക്യുട്ടീവ് യോഗം ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. മോഹന്‍ലാലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും രമ്യാനമ്ബീശനും കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുപക്ഷ നിലപാടുള്ള അംഗങ്ങളെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പോലീസ് നടപടിയെ വിമര്‍ശിക്കാത്തത് താരങ്ങളുടെ ഇടതുസര്‍ക്കാരിനോടുള്ള വിധേയത്വമാണെന്നും ദിലീപിനെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

നിലവില്‍ അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇന്നസെന്റാണ്. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന നിര്‍ജീവമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗണേഷ് കുമാര്‍ അയച്ച കത്തും ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.

ഇന്നസെന്റ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഗണേഷ് കുമാര്‍, ഇടവേള ബാബു, ആസിഫലി, കലാഭവന്‍ ഷാജോണ്‍, കുക്കൂ പരമേശ്വരന്‍, ദേവന്‍, മണിയന്‍പിള്ള രാജു, മുകേഷ്, സിദ്ദീഖ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്ബീശന്‍ എന്നിവരടങ്ങുന്നതാണ് അമ്മയുടെ നിലവിലെ എക്സിക്യുട്ടീവ്.

ദിലീപിന് അനുകൂലമായ ചില നീക്കങ്ങള്‍ ഇപ്പോള്‍ പ്രകടമാണ്. ദിലീപിനെ കാണാന്‍ നിരവധി താരങ്ങള്‍ ജയിലില്‍ വന്നത് ഇതിന്റെ സൂചനയാണ്. ഉത്രാട ദിനമായ ഞായറാഴ്ചയാണ് കൂടുതല്‍ പേര്‍ വന്നത്. അതിന് തൊട്ടുമുമ്ബുള്ള ദിവസം ഭാര്യയും മകളും ദിലീപനെ കാണാന്‍ ജയിലിലെത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ വരുമെന്നാണ് വിവരം.

ഇന്നലെ ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്.

 

12 മണിക്ക് വന്ന ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു.

സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്ബോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. ദിലീപിനോടുള്ള അപ്രിയം സിനിമാ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞുവെന്നാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയതില്‍ നിന്നു മനസിലാകുന്നത്.

ശനിയാഴ്ച ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. കാവ്യ പിതാവ് മാധവനൊപ്പമാണ് വന്നത്. കാവ്യയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അതിന് മുമ്ബ് നാദിര്‍ഷ വന്ന് ദിലീപിനെ കണ്ടിരുന്നു. കാവ്യയും മകളും വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്. നാദിര്‍ഷ മടങ്ങിയ ഉടനെയാണ് കാവ്യ എത്തിയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*